Quantcast

യുപിയിൽ ബിജെപിയെ വീഴ്ത്താൻ ദലിത്-മുസ്‌ലിം സഖ്യം; അസദുദ്ദീൻ ഉവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

യുപിയിലെ നിർണായകമായ ദലിത്-മുസ്‌ലിം വോട്ട് ബാങ്കുകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മൂന്നാം മുന്നണി നീക്കം

MediaOne Logo
യുപിയിൽ ബിജെപിയെ വീഴ്ത്താൻ ദലിത്-മുസ്‌ലിം സഖ്യം; അസദുദ്ദീൻ ഉവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു
X

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയും ആസാദ് സമാജ് പാർട്ടി ചന്ദ്രശേഖർ ആസാദും കൈകോർക്കുന്നു. 150 ഓളം സീറ്റുകളിൽ മത്സരിക്കാനാണ് നീക്കം.യുപിയിലെ നിർണായകമായ ദലിത്-മുസ്‌ലിം വോട്ട് ബാങ്കുകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മൂന്നാം മുന്നണി നീക്കം.

സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും സീറ്റ് വിഭജനമടക്കമുള്ള തുടർനടപടികളും വ്യക്തമാക്കുന്നതിനായി ഇരു നേതാക്കളും ഇന്ന് ലഖ്‌നൗവിൽ സംയുക്ത വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്.യുപിയിൽ ബിജെപിയെ നേരിടാൻ സമാജ്‌വാദി പാർട്ടി, കോൺഗ്രസ് എന്നിവരടങ്ങുന്ന ഇന്ത്യ മുന്നണിയുമായി സഖ്യത്തിലേർപ്പെടാൻ ഉവൈസി നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഇതിനോട് അനുകൂലമായി പ്രതികരിക്കാത്തതിനെ തുടർന്നാണ് ചന്ദ്രശേഖർ ആസാദുമായി ചേർന്ന് പുതിയ സഖ്യം രൂപീകരിക്കാൻ ഒവൈസി തീരുമാനിച്ചത്.

ദലിത് വിഭാഗത്തിൽ ശക്തമായ അടിത്തറയുള്ള മായാവതിയുടെ ബിഎസ്‌പിയും സഖ്യനീക്കത്തോട് അനുകൂലമായി പ്രതികരിച്ചില്ലെന്ന് എഐഎംഐഎം സംസ്ഥാന അധ്യക്ഷൻ ഷൗക്കത്ത് അലി വ്യക്തമാക്കി.യുപിയിൽ ബിജെപി മൂന്നാം തവണയും അധികാരത്തിലെത്താതിരിക്കാൻ ശക്തമായ സഖ്യം രൂപീകരിക്കാൻ തങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും ബിജെപിയുടെ കീഴിൽ മുസ്‍ലിംകളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

''അഖിലേഷ് യാദവ് ഏത് സ്വപ്നലോകത്താണ് ജീവിക്കുന്നത്?. 2017ലെ തെരഞ്ഞെടുപ്പിൽ എസ്പി കോൺഗ്രസ് സഖ്യമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണയും ഫലം ഒന്നുതന്നെയായിരിക്കും'' ഷൗക്കത്തലി പരിഹസിച്ചു. 2025-ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അന്ന് ആർജെഡിയും കോൺഗ്രസും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യത്തിലേർപ്പെടാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ബിജെപി-ജെഡിയു (NDA) സഖ്യം വീണ്ടും അധികാരം നിലനിർത്തിയ കാര്യവും ഷൗക്കത്ത് അലി ഓർമിപ്പിച്ചു.

എഐഎംഐഎമ്മുമായുള്ള സഖ്യം യുവാക്കളെയും കർഷകരെയും ദുർബല വിഭാഗങ്ങളെയും ശാക്തീകരിക്കാൻ പ്രവർത്തിക്കുമെന്ന് നാഗിനയിൽ നിന്നുള്ള ലോക്‌സഭാ അംഗമായ എഎസ്പി മേധാവി ആസാദ് പറഞ്ഞു. പിന്നാക്ക സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഇരു പാർട്ടികളുടെയും ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു."വോട്ട് മോഷണം പോലുള്ള പ്രശ്നങ്ങൾ നമ്മുടെ മുന്നിലുണ്ട്. നോട്ട് നിരോധനത്തിന്റെ അനന്തരഫലങ്ങൾ നമ്മൾ ഇപ്പോഴും അനുഭവിക്കുന്നുണ്ട്, പക്ഷേ ഏറ്റവും വലിയ ആശങ്ക സർക്കാർ ജോലികളുടെ എണ്ണം കുറയുന്നതാണ്. ബിരുദങ്ങൾ ഉണ്ടായിരുന്നിട്ടും ദലിത്, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള വിദ്യാസമ്പന്നരായ യുവാക്കൾ ജോലിക്കാായി ബുദ്ധിമുട്ടുന്നു," ആസാദ് കൂട്ടിച്ചേര്‍ത്തു. അഖിലേഷ് യാദവിനോട് സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ "ഉത്തർപ്രദേശിലെ ജനങ്ങൾ സമാജ്‌വാദി പാർട്ടിക്ക് അനുകൂലമായി തീരുമാനമെടുത്തു കഴിഞ്ഞു" എന്നായിരുന്നു മറുപടി.

TAGS :

Next Story