Quantcast

ആശിഷ് വിദ്യാർത്ഥിക്ക് വീണ്ടും മംഗല്യം; കുനോയിലെ 2 ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു...അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ

അനുരാഗ് കശ്യപിന്‍റെ 'കെന്നഡി'ക്ക് കാന്‍സില്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതും കാത്തിരിപ്പിന് അവസാനം വിക്രം നായകനായ 'ധ്രുവ നച്ചത്തിരം' തിയറ്ററുകളിലെത്തുന്നുവെന്നതും ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകളാണ്

MediaOne Logo

Web Desk

  • Updated:

    2023-05-25 16:21:58.0

Published:

25 May 2023 3:37 PM GMT

Ashish Vidyarthi, Kuno Wildlife Sanctuary, Twitter trends, ആശിഷ് വിദ്യാർത്ഥി, കുനോ, ചീറ്റക്കുഞ്ഞുങ്ങള്‍, ട്വിറ്റര്‍ ട്രെന്‍ഡിങ്സ്
X

നടൻ ആശിഷ് വിദ്യാർത്ഥിക്ക് മംഗല്യം; വധു രുപാലി ബറുവ #AshishVidyarthi

60ആം വയസ്സിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് മംഗല്യം. അസമിൽ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാർഡ് ജേതാവായ ആശിഷിന്‍റെ രണ്ടാം വിവാഹമാണിത്. നേരത്തെ മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രജോഷി ബറുവയുമായി ഇദ്ദേഹം വിവാഹിതനായിരുന്നു. ആശിഷ് വിദ്യാർത്ഥിയുടെ ഇപ്പോഴത്തെ ഭാര്യ രുപാലി ഗുവാഹത്തി സ്വദേശിയാണ്. കൊൽക്കത്തയിൽ ഫാഷൻ സ്‌റ്റോർ നടത്തുകയാണിവർ.

ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ നിരവധി പ്രാദേശിക ഭാഷകളിൽ വിദ്യാർത്ഥി അഭിനയിച്ചിട്ടുണ്ട്. പൊലീസ് കമ്മീഷണറായ ഗൗരി ശങ്കറെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സി.ഐ.ഡി മൂസയാണ് അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. ചെസ്സിലും ദിലീപിനൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 11 ഭാഷകളിലായി 300ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1995ൽ ദ്രോഹ്കാലിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ആശിഷ് വിദ്യാർത്ഥി നേടിയിട്ടുണ്ട്.

കുനോ ദേശീയ പാര്‍ക്കിലെ 2 ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി മരണത്തിന് കീഴടങ്ങി #KunoNationalPark

മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലെ രണ്ട് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി മരണത്തിന് കീഴടങ്ങി. രണ്ട് ദിവസം മുമ്പ് ഒരു ചീറ്റക്കുഞ്ഞ് ചത്തിരുന്നു. ഇതിന് പിന്നാലെയാണ് 2 ചീറ്റക്കുഞ്ഞുങ്ങളുടെ മരണം. ജ്വാല എന്ന പെണ്‍ ചീറ്റയുടെ കുഞ്ഞുങ്ങളാണ് മരണത്തിന് കീഴടങ്ങിയത്. കടുത്ത ചൂടിനെ തുടര്‍ന്ന് കുഞ്ഞുങ്ങളുടെ ആരോഗ്യനില മോശമായിരുന്നു. 46-47 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുനോയില്‍ രേഖപ്പെടുത്തിയത്. ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര ട്രാന്‍സ്‌ലൊക്കേഷന്‍ പദ്ധതിയില്‍ ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന 20 ചീറ്റകളില്‍ 17 എണ്ണമാണ് ഇനി അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കുനോയില്‍ എട്ട് നമീബിയന്‍ ചീറ്റകളെ കൊണ്ടുവന്നിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 18 ന് 12 ദക്ഷിണാഫ്രിക്കന്‍ ചീറ്റകളെയും രാജ്യത്ത് എത്തിച്ചിരുന്നു.

അനുരാഗ് കശ്യപിന്‍റെ 'കെന്നഡി'ക്ക് കാന്‍സില്‍ എഴുന്നേറ്റ് നിന്ന് കൈയ്യടി; വികാരാധീരരായി താരങ്ങള്‍ #AnuragKashyap

രാഹുല്‍ ഭട്ട്, സണ്ണി ലിയോണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാഗ് കശ്യപ് ഒരുക്കിയ കെന്നഡി സിനിമയ്ക്ക് കാന്‍ ചലച്ചിത്ര മേളയില്‍ ഗംഭീര വരവേല്‍പ്പ്. സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം ഏഴ് മിനുറ്റോളം എഴുന്നേറ്റ് നിന്ന് സദസ്സ് കൈയ്യടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചെന്ന് ലോകം വിശ്വസിച്ച ഉറക്കം നഷ്ടപ്പെട്ട ഒരു പൊലീസുകാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്.

വന്ദേ ഭാരത് ഇനി മൂന്ന് തരം

അടുത്ത വർഷത്തോടെ മൂന്നു തരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്‌ലീപ്പർ എന്നിങ്ങനെയുള്ള വന്ദേഭാരത് ട്രെയിനുകൾ അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഉണ്ടാകുമെന്നാണ് മന്ത്രി വാർത്താ ഏജൻസിയായ പി.ടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ശതാബ്ദി, രാജധാനി, ലോക്കൽ ട്രെയിനുകൾ എന്നിവയ്ക്ക് പകരമായി തയ്യാറാക്കുന്ന തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകൾ ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് നിർമിക്കുന്നത്.

അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ, വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗതയായ മണിക്കൂറിൽ 160 കിലോമീറ്ററിന് ഉചിതമായ രീതിയിൽ റെയിൽവേ ട്രാക്കുകൾ നവീകരിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.

'മൂന്നുതരം വന്ദേ ഭാരത് ട്രെയിനുകളുണ്ട്, 100 കിലോമീറ്ററിൽ താഴെയുള്ള വന്ദേ മെട്രോ, 100-550 കിലോമീറ്ററിന് വന്ദേ ചെയർ കാർ, 550 കിലോമീറ്ററിന് അപ്പുറത്തുള്ള യാത്രയ്ക്ക് വന്ദേ സ്ലീപ്പർ. ഈ മൂന്ന് തരം ട്രെയിനുകളും ഫെബ്രുവരി-മാർച്ച് (അടുത്ത വർഷം) വരെ തയ്യാറാകും' ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട, ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിലിരുന്ന് വൈഷ്ണവ് പറഞ്ഞു.

ഡൽഹി-ഡെറാഡൂൺ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ജൂൺ പകുതിയോടെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് ട്രെയിൻ ലഭിക്കുമെന്നും ഇവയുടെ നിർമാണം ത്വരിതഗതിയിലാണെന്നും വൈഷ്ണവ് പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം: സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് മൂന്ന് പ്രതിപക്ഷ പാർട്ടികൾ #NewParliamentBuilding

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനിടെ മൂന്ന് പാർട്ടികൾ കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിച്ചു. തെലുങ്കുദേശം പാർട്ടി (ടി.ഡി.പി), വൈ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികളാണ് എൻ.ഡി.എക്ക് പുറത്തുനിന്ന് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.

മെയ് 28-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. പാർലമെന്റിന്റെ തലവനായ രാഷ്ട്രപതിയാണ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് എന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. 19 പ്രതിപക്ഷ പാർട്ടികളാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. തങ്ങളുടെ എം.പിമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ടി.ഡി.പി വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈ.എസ്.ആർ കോൺഗ്രസും ബിജു ജനതാദളും ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

റിയല്‍മീയുടെ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍ #Realme

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ റിയൽമിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. സൽമാൻ ഖാന് ശേഷം റിയല്‍മീയുടെ ഇന്ത്യന്‍ മുഖമാവുന്ന താരമാണ് ഷാരൂഖ് ഖാന്‍. റിയല്‍മീ ഫോണ്‍ പിടിച്ചുള്ള താരത്തിന്‍റെ ചിത്രം ട്വിറ്ററില്‍ ട്രെന്‍ഡിങാണ്. പത്താന്‍ ആണ് ഷാരൂഖ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

കെജ്‍രിവാളിന് കൈ കൊടുത്ത് ശരത് പവാർ

ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട ബില്ലിനെ എതിർക്കുമെന്ന് ശരത് പവാർ. ഓർഡിനൻസ് ബില്ലായി രാജ്യസഭയിൽ എത്തിയാൽ അതിനെ എതിർത്ത് തോൽപ്പിക്കും എന്നാണ് കെജ്‍രിവാളുമായുള്ള കൂടികാഴ്ചക്ക് ശേഷം ശരത് പവാർ പറഞ്ഞത്. ഇതിനായി ബി.ജെ.പി ഇതര കക്ഷികളെല്ലാം ഇതിനായി ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി കൂടികാഴ്ച നടത്താൻ സമയം ചോദിച്ചിട്ടുണ്ടെന്ന് കെജ്‌രിവാൾ അറിയിച്ചു. നീതിഷ് കുമാർ, മമത ബാനർജി, ഉദ്ധവ് താക്കറെ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി കെജ്‌രിവാൾ കൂടികാഴ്ച നടത്തിയിരുന്നു.

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബില്ലായി അവതരിപ്പിച്ചു പാസാക്കിയില്ലെങ്കിൽ ഓർഡിനൻസ് അസാധുവാകും. ലോക്‌സഭയിൽ ബില്ല് പാസാക്കാൻ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഏതെങ്കിലും പ്രതിപക്ഷ കക്ഷികളുടെ സഹായം കൂടി വേണം. രാജ്യസഭയിൽ ബില്ലിനെ എതിർക്കണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം. മെയ് 11ന് വന്ന സുപ്രിംകോടതി വിധിയെ മറികടക്കാനുള്ള ഓർഡിനൻസ് കൊണ്ടുവന്നത് 19ന് കോടതി വേനലവധിക്ക് പിരിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമായിരുന്നു.


കാത്തിരിപ്പിന് അവസാനം വിക്രം ചിത്രം 'ധ്രുവ നച്ചത്തിരം' എത്തുന്നു #DhruvaNatchathiram

വിക്രം ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം ധ്രുവ നച്ചത്തിരം സിനിമ റിലീസിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയിരുന്നു. ചിത്രം ജൂലൈ 14ന് റിലീസാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സ്പൈ ത്രില്ലര്‍ ഴേണറില്‍ വരുന്ന ചിത്രത്തില്‍ ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണ്‍ എന്ന സീക്രട്ട് ഏജന്‍റായിട്ടാണ് ധ്രുവ നച്ചത്തിരത്തില്‍ വിക്രം വരുന്നത്.

TAGS :

Next Story