Quantcast

സച്ചിൻ പൈലറ്റിനെ ലക്ഷ്യമിട്ട് ബി.ജെ.പി; മറുപടിയുമായി ഗെഹ്‌ലോട്ട്

സച്ചിൻ പൈലറ്റിന് പ്രതിരോധം തീർത്ത് ഗെഹ്‌ലോട്ട് രംഗത്തെത്തിയത് രാജസ്ഥാൻ കോൺഗ്രസിലെ ഐക്യത്തിന്റെ സൂചനയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

MediaOne Logo

Web Desk

  • Published:

    17 Aug 2023 3:32 AM GMT

Ashok Gehlots Rare Support For Sachin Pilot
X

ന്യൂഡൽഹി: സച്ചിൻ പൈലറ്റിനെ ലക്ഷ്യമിട്ട് ബി.ജെ.പി ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സച്ചിൻ പൈലറ്റിന്റെ പിതാവായ രാജേഷ് പൈലറ്റ് വ്യോമസേനയിൽ പൈലറ്റായിരുന്നപ്പോൾ മിസോറാമിൽ ബോംബിട്ടിട്ടുണ്ട് എന്നായിരുന്നു ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ ആരോപണം. 1966 മാർച്ചിൽ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽ ബോംബ് വർഷിച്ച ഇന്ത്യൻ എയർഫോഴ്‌സ് വിമാനങ്ങൾ പറത്തിയത് രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ആണെന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്.

ഇതിന് മറുപടിയുമായാണ് ഗെഹ്‌ലോട്ട് രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ ആരോപണം ഇന്ത്യൻ വ്യോമസേനയെ അപമാനിക്കലാണെന്ന് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവായിരുന്ന രാജേഷ് പൈലറ്റ് ഇന്ത്യൻ വ്യോമസേനയിലെ ധീരനായ പൈലറ്റായിരുന്നു. അദ്ദേഹത്തെ അപമാനിക്കുന്നതിലൂടെ ഇന്ത്യൻ വ്യോമസേനയുടെ ത്യാഗത്തെയാണ് ബി.ജെ.പി അധിക്ഷേപിക്കുന്നത്. രാജ്യം മുഴുവൻ ഇതിനെ അപലപിക്കണമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിലെ ഐക്യത്തിന്റെ സൂചനയായാണ് ഗെഹ്‌ലോട്ടിന്റെ ട്വീറ്റ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സച്ചിൻ-ഗെഹ്‌ലോട്ട് പോര് കോൺഗ്രസ് ഹൈക്കമാൻഡിന് വലിയ തലവേദനയായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിൽ നടത്തിയ ചർച്ചക്ക് ശേഷമാണ് ഇരുനേതാക്കളും വെടിനിർത്തലിന് തയ്യാറായത്.

അമിത് മാളവ്യയുടെ ആരോപണം നിഷേധിച്ച് സച്ചിൻ പൈലറ്റ് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. വ്യോമസേനയുടെ പൈലറ്റ് എന്ന നിലയിൽ തന്റെ പിതാവ് ബോംബുകൾ വർഷിച്ചിട്ടുണ്ട്. എന്നാലത് 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലായിരുന്നു. നിങ്ങൾ പറയുന്നതുപോലെ മിസോറാമിലല്ല, അത് കിഴക്കൻ പാകിസ്താനിലായിരുന്നു. 1966 മാർച്ച് അഞ്ചിനാണ് മിസോറാമിൽ പിതാവ് ബോംബിട്ടതെന്ന് നിങ്ങൾ പറയുന്നത്. എന്നാൽ 1966 ഒക്ടോബർ 29നാണ് പിതാവായ രാജേഷ് പൈലറ്റ് വ്യോമസേനയിൽ ചേർന്നത്. അതിന്റെ സർട്ടിഫിക്കറ്റും ഇതിനോടൊപ്പം ചേർക്കുന്നു-സച്ചിൻ ട്വീറ്റ് ചെയ്തു.


TAGS :

Next Story