Quantcast

വെടിവെപ്പില്‍ കൊല്ലപ്പെട്ട ടിക്കാറാം സത്യസന്ധനായ ഉദ്യോഗസ്ഥന്‍; വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് മരണം

അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. വിരമിക്കാന്‍ കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ

MediaOne Logo

Web Desk

  • Published:

    1 Aug 2023 5:33 AM GMT

Jaipur-Mumbai train firing
X

കൊല്ലപ്പെട്ട ടിക്കാറാം മീണ/ ചേതന്‍ സിംഗ്

ജയ്പൂര്‍: ജയ്പൂർ- മുംബൈ എക്സ്പ്രസിലുണ്ടായ വെടിവെപ്പ് രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് നടത്തിയ വെടിവെപ്പില്‍ ഒരു ആര്‍പിഎഫ് എഎസ്ഐയും രണ്ട് യാത്രക്കാരനും ഒരു പാന്‍ട്രി ജീവനക്കാരനും ഉള്‍പ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്. വിരമിക്കാന്‍ ഒന്‍പതു മാസം ബാക്കിയുള്ളപ്പോഴാണ് എഎസ്ഐ ടിക്കാറാം മീണ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റു കൊല്ലപ്പെടുന്നത്.

''അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. വിരമിക്കാന്‍ കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. '' റെയില്‍വെ ജീവനക്കാരന്‍ കൂടിയായ ടിക്കാറാം മീണയുടെ മരുമകന്‍ പ്രേംരാജ് മീണ പറഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാന്‍ ഭാര്യ പൂജക്കൊപ്പം കാണ്ടിവാലിയിലെ ശതാബ്ദി ആശുപത്രിയിലെത്തിയതായിരുന്നു പ്രേംരാജ്. സ്റ്റേഷൻ മാസ്റ്ററായ പ്രേംരാജ് പൂജയ്‌ക്കൊപ്പം കല്യാണിലാണ് താമസിക്കുന്നത്. ടിക്കാറാമിന്റെ ഭാര്യയും മകനും അവരുടെ ജന്മസ്ഥലമായ രാജസ്ഥാനിലെ സവായ് മധോപൂരിലും തിക്കാറാം ദാദറിലെ റെയിൽവേ ക്വാർട്ടേഴ്സിലുമാണ് താമസിക്കുന്നത്.

''ആരുമായും ഒരു പ്രശ്നവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്‍റെ ജോലി അദ്ദേഹം കൃത്യമായി നിര്‍വഹിച്ചിരുന്നു. ഇക്കാലയളവിനിടയില്‍ ഒരു മെമ്മോ പോലും കിട്ടിയിട്ടില്ല. തികച്ചും കളങ്കരഹിതമായ ഒരു സേവനം ഇങ്ങനെ അവസാനിപ്പിച്ചത് നിർഭാഗ്യകരമാണ്,” ഒരു സഹപ്രവർത്തകൻ പറഞ്ഞു. ടിക്കാറാമിനും പ്രതി ചേതന്‍ സിംഗിനും തമ്മില്‍ പരസ്പരം അറിയാമോ എന്ന കാര്യം വ്യക്തമല്ലെന്ന് മറ്റൊരു സഹപ്രവര്‍ത്തകന്‍ കൂട്ടിച്ചേര്‍ത്തു. ടിക്കാറാമിന്റെ മൃതദേഹം സവായ് മധോപൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തിന്‍റെ ജന്മനാട്ടിൽ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് ഒരു കുടുംബ സുഹൃത്ത് പറഞ്ഞു.

ഡയപ്പർ ഷോപ്പ് നടത്തിയിരുന്ന നാലസോപാറ സ്വദേശി അബ്ദുൾ കാദർ മുഹമ്മദ് ഹുസൈൻ ഭാൻപൂർവാല (64), ജോലി തേടി മുംബൈ വഴി പൂനെയിലേക്ക് പോവുകയായിരുന്ന ബിഹാർ സ്വദേശി അസ്ഗർ അബ്ബാസ് അലി (48) എന്നിവരും കൊല്ലപ്പെട്ടു.വെടിവെപ്പില്‍ കൊല്ലപ്പെട്ട നാലാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30 ഓടെയാണ് ജയ്പൂര്‍-മുംബൈ എക്സ്പ്രസില്‍ വെടിവെപ്പുണ്ടായത്. പ്രതിയായ റെയിൽവേ പൊലീസ് കോൺസ്റ്റബിൾ ചേതൻ സിംഗിനെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. ഇയാൾ നാല് പേരെ കൊല്ലാനുണ്ടായ കാരണം വ്യക്തമല്ല. ആക്രമണത്തിന് ശേഷമുള്ള ട്രെയിനിലെ വിവാദ വീഡിയോയുടെ ആധികാരികതയും അധികൃതർ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താൻ റെയിൽവേ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.

TAGS :

Next Story