Quantcast

'ഇത്തരം ആളുകളുടെ പിന്നാലെ ഓടുന്നതിനെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യണം'; ബീഫ് കടത്ത് കേസിൽ അസം സർക്കാരിനോട് സുപ്രിംകോടതി

പ്രതിക്കെതിരായ ക്രിമിനൽ നടപടികൾ കോടതി സ്‌റ്റേ ചെയ്തു.

MediaOne Logo

Web Desk

  • Published:

    21 Feb 2025 8:05 PM IST

Supreme Court Frees Prisoner After 25 Years, Finds He Was A Minor At The Time Of Offence
X

ന്യൂഡൽഹി: ബീഫ് കടത്ത് കേസിൽ അസം സർക്കാരിന് സുപ്രിംകോടതി വിമർശനം. അസം ഭരണകൂടം ഇത്തരം ആളുകളുടെ പിന്നാലെ ഓടുന്നതിനെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യണം എന്നായിരുന്നു ജസ്റ്റിസുമാരായ എ.എസ് ഓക, ഉജ്ജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചിന്റെ പരാമർശം. പ്രതിക്കെതിരായ ക്രിമിനൽ നടപടിക്രമങ്ങൾ സ്റ്റേ ചെയ്ത കോടതി കേസ് ഏപ്രിൽ 16ന് പരി​ഗണിക്കാനായി മാറ്റി.

പിടിച്ചെടുത്ത ഇറച്ചിയുടെ സാമ്പിൾ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട് എന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോഴായിരുന്നു കോടതി പരാമർശം. വാഹനത്തിൽ നിന്ന് പിടിച്ചെടുത്ത ഇറച്ചി സംബന്ധിച്ച് ഡ്രൈവർക്ക് കാര്യമായ അറിവുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഫൊറൻസിക് ലാബിൽ പരിശോധനക്ക് അയച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

പാക്ക് ചെയ്ത ഇറച്ചിയാണ് വാഹനത്തിൽ നിന്ന് പിടിച്ചെടുത്തതെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിദഗ്ധനല്ലാത്ത ഒരാൾക്ക് പാക്ക് ചെയ്ത ഇറച്ചി ബീഫ് ആണോയെന്ന് എങ്ങനെ തിരിച്ചറിയാനാകുമെന്ന് കോടതി ചോദിച്ചു. ഇറച്ചി കണ്ടതുകൊണ്ട് മാത്രം അത് ബീഫ് ആണോ എന്ന് മനസ്സിലാക്കാനാവില്ലെന്നും കോടതി പറഞ്ഞു. തന്റെ കക്ഷി വെയർഹൗസ് ഉടമസ്ഥനാണെന്നും പാക്ക് ചെയ്ത ഇറച്ചി മാത്രമാണ് കൊണ്ടുപോകാറുള്ളതെന്നും വ്യക്തമാക്കുന്ന രേഖകൾ പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.

അസമിലെ പശു സംരക്ഷണ നിയമത്തിലെ സെക്ഷൻ എട്ട് പ്രകാരം ബീഫ് ആണെന്ന് അറിഞ്ഞുകൊണ്ട് വിൽപ്പന നടത്തുന്നത് മാത്രമാണ് കുറ്റകൃത്യമെന്നും കോടതി പറഞ്ഞു. ഇറച്ചി പാക്ക് ചെയ്യുന്നതും വിൽക്കുന്നതും പ്രതി തന്നെയാണ് എന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

TAGS :

Next Story