Quantcast

'ബിഹാർ കോളിഫ്ലവർ കൃഷി അംഗീകരിച്ചിരിക്കുന്നു': ഭാഗൽപൂർ കൂട്ടക്കൊല ഓർമിപ്പിച്ച് അസം ബിജെപി മന്ത്രി

1989 ഒക്ടോബര്‍ 24ന് ആരംഭിച്ച ഭഗല്‍പൂര്‍ കലാപത്തെ സൂചിപ്പിക്കാനാണ് സംഘ്പരിവാര്‍ കോളിഫ്‌ളവര്‍ ചിത്രങ്ങള്‍ പ്രതീകാത്മകമായി ഉപയോഗിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2025-11-15 05:22:05.0

Published:

15 Nov 2025 10:49 AM IST

ബിഹാർ കോളിഫ്ലവർ കൃഷി അംഗീകരിച്ചിരിക്കുന്നു: ഭാഗൽപൂർ കൂട്ടക്കൊല ഓർമിപ്പിച്ച് അസം ബിജെപി മന്ത്രി
X

ഗുവാത്തി: ബിഹാറില്‍ എന്‍ഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെ വിദ്വേഷ പോസ്റ്റുമായി അസമിലെ ബിജെപി മന്ത്രി അശോക് സിംഗാൾ. 1989ലെ ഭാഗല്‍പൂര്‍ മുസ്‌ലിം കൂട്ടക്കൊലയെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ആരോഗ്യ മന്ത്രിയുടെ വിദ്വേഷ പോസ്റ്റ്.

'ബിഹാര്‍ ഗോബി (കോളിഫ്‌ളവര്‍) കൃഷി അംഗീകരിച്ചിരിക്കുന്നു' എന്നാണ് കോളിഫ്‌ളവര്‍ കൃഷിയുടെ ചിത്രം പങ്കുവെച്ച് അദ്ദേഹം എക്സില്‍ കുറിച്ചത്. 1989 ഒക്ടോബര്‍ 24ന് ആരംഭിച്ച ഭാഗല്‍പൂര്‍ കലാപത്തെ സൂചിപ്പിക്കാനാണ് സംഘ്പരിവാര്‍ കോളിഫ്‌ളവര്‍ ചിത്രങ്ങള്‍ പ്രതീകാത്മകമായി ഉപയോഗിക്കുന്നത്. ഇതിന് മുമ്പും കോളിഫ്‌ളവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംഘ്പരിവാര്‍ ഹാന്‍ഡിലുകളും നേതാക്കളും വെറുപ്പ് വിളമ്പിയിരുന്നു.

ഭാഗൽപൂർ ജില്ലയിലെ ഗൊരാദിഹ് ബ്ലോക്കിലെ ലോഗെയ്ൻ എന്ന ഗ്രാമത്തിലാണ് മുസ്‌ലിംകളെ കൂട്ടത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾക്ക് മുകളിൽ കോളിഫ്ലവർ തൈകൾ നട്ടുപിടിപ്പിച്ച് തെളിവ് നശിപ്പിച്ച സംഭവം അരങ്ങേറിയിരുന്നത്. രാമജന്മഭൂമി പ്രചാരണവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായിരുന്നു ഭാഗൽപൂരിലെ കലാപവും. കൂട്ടക്കൊലയുടെ ഭീകരമായ ഓർമ്മപ്പെടുത്തലായി കോളിഫ്ളവറിന്റെ ചിത്രങ്ങൾ അന്നുമുതൽ സംഘ്പരിവാര്‍ ഉപയോഗിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളുടെ വരവോടെ വിദ്വേഷ പ്രചാരണം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഈ വർഷം ആദ്യം, മാർച്ചിൽ നാഗ്പൂരിൽ നടന്ന അക്രമസംഭവങ്ങളിലും ഇത്തരം ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ ആഘോഷിക്കാനും കർണാടകയിലെ ബിജെപി യൂണിറ്റ്, കോളിഫ്‌ളവറിനെ ഒരു മീമായി ഉപയോഗിച്ചിരുന്നു. അതേസമയം മന്ത്രിയുടെ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. അസമിലെ ഒരു കാബിനറ്റ് മന്ത്രിയാണ് ബിഹാറിലെ ഭാഗൽപൂരിൽ മുസ്‌ലിംകളുടെ കൂട്ടക്കൊല ആവർത്തിക്കണമെന്ന് പരസ്യമായി സൂചിപ്പിക്കുന്നതെന്ന് മന്ത്രിയുടെ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച് പലരും കുറിക്കുന്നു.

TAGS :

Next Story