Quantcast

ബിജെപി നേതാക്കളുടെ കേസിനെക്കുറിച്ച് സോഷ്യൽമീഡിയ പോസ്റ്റ് ; അസ്സം കോൺഗ്രസ് വക്താവ് അറസ്റ്റിൽ

മാർച്ച് 13 നാണ് റീതം സിങ്ങിന്‍റെ അറസ്റ്റിന് കാരണമായ പോസ്റ്റ് പ്രസിദ്ധീകരിച്ചത്

MediaOne Logo

Web Desk

  • Published:

    17 March 2025 5:02 PM IST

Reetam Singh
X

ദിസ്പൂര്‍: ബിജെപി നേതാക്കളുടെ കേസിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ഇട്ടതിന് അസ്സം കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. റീതം സിങ്ങിനെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഗുവാഹത്തി പൊലീസിന്‍റെ സഹായത്തോടെ ലഖിംപൂർ പൊലീസ് നടത്തിയ അറസ്റ്റ് അസ്സമിൽ ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിട്ടുണ്ട്.

മാർച്ച് 13 നാണ് റീതം സിങ്ങിന്‍റെ അറസ്റ്റിന് കാരണമായ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. 2021-ൽ ധേമാജി ജില്ലയിൽ നടന്ന ഒരു ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടവരെക്കുറിച്ചുള്ള വാർത്ത ഷെയർ ചെയ്ത റീതം, ബിജെപി നേതാക്കളായ മനാബ് ദേക, അസം ബി.ജെ.പി മുൻ മേധാവി ഭാബേഷ് കലിത, മുൻ മന്ത്രി രാജൻ ഗൊഹെയ്ൻ എന്നിവരെ തന്‍റെ പോസ്റ്റിൽ ബലാത്സംഗക്കേസ് പ്രതികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. അസ്സം ബിജെപിയെ ടാഗ് ചെയ്ത്, നിയമം എല്ലാവർക്കും തുല്യമാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

മാനബ് ദേകയുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലാഖിംപൂർ പൊലീസ് ഗുവാഹത്തിയിലെ വീട്ടിലെത്തിയാണ് റീതത്തെ അറസ്റ്റ് ചെയ്തത്. വാറന്‍റോ നോട്ടീസോ തനിക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യം അറസ്റ്റിന് വഴങ്ങാൻ റീതം സിങ് വിസമ്മതിച്ചു. നാടകീയ സംഭവങ്ങൾക്കാണ് ഗുവാഹത്തിയിലെ അദ്ദേഹത്തിന്‍റെ ഉലുബാരി അപ്പാർട്ട്മെന്‍റ് സാക്ഷ്യം വഹിച്ചത്. അറസ്റ്റിന് മുന്നോടിയായി പൊലീസ് സേനയെ വിന്യസിച്ചിരുന്നു. സിങ്ങിനെ ബലപ്രയോഗത്തിലൂടെ കസ്റ്റിഡിയിൽ എടുത്തതായി കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആരോപിച്ചു. ''കോൺഗ്രസ് വക്താവ് റീതം സിങ്ങിനെ കൊണ്ടുപോകാൻ ലഖിംപൂർ പൊലീസിന്റെ ഒരു സംഘം ഗുവാഹത്തിയിലെത്തി. ഞാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയപ്പോൾ, അദ്ദേഹത്തെ ക്രൂരമായി വലിച്ചിഴച്ച് കൊണ്ടുപോകുന്നതും സംസാരിക്കാൻ അനുവദിക്കാത്തതും കണ്ടു'' ഗൊഗോയ് എക്സിൽ കുറിച്ചു. "ബിജെപി സർക്കാർ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയാണ്, അതേസമയം രണ്ട് അസം കോൺസ്റ്റബിൾമാരെ പട്ടാപ്പകൽ തല്ലിച്ചതച്ച ബിജെപി ഗുണ്ടകൾ സ്വതന്ത്രരായി വിഹരിക്കുന്നു," അദ്ദേഹം ആരോപിച്ചു.

കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ്, തന്‍റെ അറസ്റ്റ് നിയമ നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് സിങ് തന്‍റെ വീടിന് പുറത്ത് പൊലീസ് തമ്പടിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. "അറസ്റ്റിന് മുമ്പ് പൊലീസ് നോട്ടീസ് നൽകണമെന്ന് ആവശ്യപ്പെടുന്ന ഗുവാഹത്തി ഹൈക്കോടതിയുടെ സമീപകാല വിധി ഞാൻ അവരെ കാണിച്ചു. ഞാൻ ഒരു അഭിഭാഷകനാണ്, ഏത് അന്വേഷണവും അനുസരിക്കും, പക്ഷേ ഇതൊരു രാഷ്ട്രീയ പ്രേരിത പ്രവൃത്തിയാണെങ്കിൽ ഞാൻ പോകില്ല," അദ്ദേഹം കുറിച്ചു. നോട്ടീസ് ഇല്ലാതെയുള്ള ഏതൊരു അറസ്റ്റും കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് പ്രസ്താവിച്ച ജസ്റ്റിസ് മൃദുൽ കുമാർ കലിതയുടെ മാർച്ച് 7 ലെ വിധിയും അദ്ദേഹം പരാമർശിച്ചു.

സിങ്ങിന്‍റെ അറസ്റ്റിനെ കോൺഗ്രസ് ശക്തമായി അപലപിച്ചു. പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി. സർക്കാരിനെതിരായ ആക്രമണം കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ടെങ്കിലും ബിജെപി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നിരുന്നാലും, പ്രതിപക്ഷത്തിന്റെ വിമർശനത്തെ പാർട്ടി വൃത്തങ്ങൾ തള്ളിക്കളഞ്ഞു. ഇത് "അപമാനത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കീഴിൽ സംരക്ഷിക്കാനുള്ള" ശ്രമമാണെന്ന് വിശേഷിപ്പിച്ചു.

TAGS :

Next Story