അസമിൽ വീണ്ടും ബുൾഡോസർ രാജ്: കൈയേറ്റം ആരോപിച്ച് ഒഴിപ്പിക്കുന്നത് 580ലേറെ കുടുംബങ്ങളെ
ഗായകൻ സുബിൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നിലച്ച കുടിയൊഴിപ്പിക്കല്‍ നടപടികളാണ് വീണ്ടും തുടങ്ങിയത്

അസമിലെ കുടിയൊഴിപ്പിക്കലില്‍ നിന്നും Photo- Express
ഗുവാഹത്തി: അസമിൽ ബിജെപി സർക്കാരിന്റെ ബുൾഡോസർരാജ് വീണ്ടും. കൈയേറ്റം ആരോപിച്ച് ഗോൾപാറ ജില്ലയിലെ 580 ലേറെ കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. നടപടികള്‍ ഇന്നലെ ആരംഭിച്ചു. ഇന്നും തുടരും. സായുധ സേനയുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ ദഹിക്കട്ട റിസർവ് വനത്തിൽ പരിശോധന നടത്തിയത്. ഇവിടെയാണ് ഒഴിപ്പിക്കുന്നത്.
നോട്ടീസുകൾ ലഭിച്ചവരെല്ലാം ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ്. ഈ വർഷം ജൂണിൽ തുടങ്ങിയ കുടിയൊഴിപ്പിക്കല്‍ നടപടികളുടെ ഇരയായവരാണ് ഇവര്‍. എന്നാല്‍ പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും ഭൂമിയുടെ രേഖകൾ കൈവശമുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ റിസര്‍വ് വനമാണിതെന്നാണ് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നത്.
580 കുടുംബങ്ങൾക്കും 15 ദിവസത്തിലേറെ മുമ്പ് സ്ഥലം ഒഴിയാൻ നോട്ടീസ് നൽകിയിരുന്നുവെന്നും പന്നാലെ പലരും സ്ഥലം ഒഴിഞ്ഞെന്നും ജില്ലാ കമ്മീഷണർ പ്രൊദീപ് തിമുങ് പറഞ്ഞു.
അസം തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നതാണ് 1,100 ബിഗാ ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന ദഹികട്ട വനം. ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ദഹികട്ട റിസർവിലെ ഒഴിപ്പിക്കൽ നടത്തുന്നതെന്ന് സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ 2021ൽ അസമിൽ ബിജെപി അധികാരത്തിലേറിയത് മുതൽ മുസ്‌ലിംകളെ ലക്ഷ്യമിട്ട് വ്യാപക കുടിയൊഴിപ്പിക്കൽ നടക്കുകയാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കുടിയിറക്ക് നടപടികൾ അതിന്റെ പാരമ്യത്തിലെത്തിയതിന് പിന്നാലെ ഗായകൻ സുബിൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നിലക്കുകയായിരുന്നു.
2021 മുതൽ 42,500 ഏക്കറിലധികം ഭൂമിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും 9.5 ലക്ഷത്തിലധികം ഏക്കർ ഭൂമി ഇനിയും ഒഴിപ്പിക്കാനുണ്ടെന്നും ജൂലൈ 21ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

