'മിയ മുസ്‌ലിംകൾക്ക് ഷോപ്പുകൾ കൊടുക്കരുത്': വിദ്വേഷ പരാമർശവുമായി അസം ആരോഗ്യമന്ത്രി അശോക് സിംഗാൾ
'മിയകള്‍ക്കൊപ്പം ഞാനില്ല, നിങ്ങൾ ഇനി അവരോടൊപ്പം ഇടപഴകുകയാണെങ്കിൽ എന്നെ നിങ്ങൾക്കൊപ്പം പ്രതീക്ഷിക്കേണ്ട'- ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകൾ

ഗുവാഹത്തി: ബംഗാളി സംസാരിക്കുന്ന മിയ മുസ്‌ലിം വിഭാഗങ്ങളെ അധിക്ഷേപിച്ചുള്ള അസം ആരോഗ്യമന്ത്രി അശോക് സിംഗാൾ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം.
മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) രംഗത്ത് എത്തി. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് നിയമസഭയില്‍ നടന്നത്.
ഹിന്ദു ഉത്സവങ്ങളിൽ, മിയ മുസ്‌ലിം വിഭാഗങ്ങളെ കടകൾ നടത്തുന്നതിൽ നിന്ന് വിലക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ധെകിയാജുലിയിൽ അടുത്തിടെ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. മിയകള്‍ക്ക് ഒരു പിന്തുണയും ഇല്ലെന്നും അവരുമായി ഇടപഴകുന്നത് പ്രദേശവാസികൾ ഒഴിവാക്കണമെന്നും അശോക് സിംഗാൾ പറയുന്നുണ്ട്.
'മിയകള്‍ക്ക് നിങ്ങൾ ഷോപ്പുകൾ കൊടുക്കരുത്, പകരം നിങ്ങൾക്കിടയിലുള്ള യുവാക്കൾക്ക് അവസരം കൊടുക്കുക. എങ്ങനെയാണ് മിയകള്‍ക്ക് നമ്മുടെ ഉത്സവപരിപാടിയിലേക്ക് കടക്കാനാവുക. നമ്മുടെ കുട്ടികൾ ഈദിന് അങ്ങോട്ട് പോകാറില്ല. മിയകള്‍ക്കൊപ്പം ഞാനില്ല, നിങ്ങൾ ഇനി അവരോടൊപ്പം ഇടപഴകുകയാണെങ്കിൽ എന്നെ നിങ്ങൾക്കൊപ്പം പ്രതീക്ഷിക്കേണ്ട'- ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകൾ.
വർഗീയ വിദ്വേഷം വളർത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എഐയുഡിഎഫ്, എംഎൽഎ റഫീഖുൽ ഇസ്‌ലാം ആണ് സിംഗാളിനെതിരെ രംഗത്ത് എത്തിയത്. സിംഗാളിനെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ക്ഷേമ പദ്ധതികളിൽ നിന്ന് മിയാസിനെ ഒഴിവാക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ പരാമർശങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. 20 മിനിറ്റോളം പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെക്കേണ്ടി വന്നു.
Adjust Story Font
16

