Quantcast

6 മാസം ഗർഭിണിയായ 18കാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; 63കാരനും മക്കളും പിടിയിൽ

പെൺകുട്ടിയെ പീഡിപ്പിച്ച 63കാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    11 Nov 2025 8:01 AM IST

6 മാസം ഗർഭിണിയായ 18കാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; 63കാരനും മക്കളും പിടിയിൽ
X

സിൽചാർ: അസ്സമിലെ ജോർഹട്ട് ജില്ലയിൽ 18 കാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. ബലാത്സംഗത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന പെൺകുട്ടി ആറ് മാസം ഗര്‍ഭിണിയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച 63കാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

രണ്ട് മാസം മുൻപ് 18 വയസ് തികഞ്ഞ പെൺകുട്ടിയെ നവംബർ 7 നാണ് കാണാതാകുന്നത്. ടിറ്റാബോറിലെ നന്ദനാഥ് സൈകിയ കോളജിലെ വിദ്യാർഥിനിയാണ് പെൺകുട്ടി. കോളജിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാണാതാകുന്നത്. വിദ്യാർഥിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. വിദ്യാർഥിനിയെ കാണാതായതിന് ശേഷം അന്വേഷണത്തിൽ അനാസ്ഥ കാണിച്ചുവെന്ന ആരോപണത്തെ തുടർന്ന് ടിറ്റാബോർ പൊലീസ് സ്റ്റേഷനിലെ ഓഫീസറെ സസ്‌പെൻഡ് ചെയ്തിരുന്നു.

സംഭവത്തിൽ പ്രാദേശിക ബിസിനസുകാരനായ ജഗത് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താനാണ് വിദ്യാർഥിനിയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ രണ്ട് മക്കളായ കൃഷ്ണൻ സിങ്, ജീവൻ സിങ്, കൂടാതെ റെക്കിബുദ്ദീൻ അഹമ്മദ് എന്ന ഫാർമസിസ്റ്റ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അബോര്‍ഷൻ ചെയ്യാൻ ജഗത് സിങ് പെൺകുട്ടിയെ നിര്‍ബന്ധിച്ചതായും ഇതിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച സിങ്ങിന്‍റെ അറസ്റ്റിനെക്കുറിച്ചുള്ള വാർത്ത പരന്നതോടെ, ജോർഹട്ടിലെ ടിറ്റബാർ പൊലീസ് സ്റ്റേഷന് പുറത്ത് നിരവധി ആളുകൾ പ്രതിഷേധ പ്രകടനം നടത്തി. പ്രദേശത്ത് മന്ത്രവാദം നടത്തുന്ന ഒരാളായി അറിയപ്പെടുന്ന സിങ് മുമ്പ് തന്നെ സമീപിച്ച നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. മന്ത്രവാദത്തിന്‍റെ പേരിൽ സ്ത്രീകളെ വര്‍ഷങ്ങളായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ആരും ഇയാൾക്കെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ടില്ലെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

"തുടക്കത്തിൽ, അയാൾ കേസിൽ പങ്കില്ലെന്ന് നിഷേധിച്ചു, എന്നാൽ നവംബർ 9 ന് രാത്രി, പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് സമ്മതിച്ചു'' ജോർഹട്ട് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) സുബ്രജ്യോതി ബോറ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സംയുക്ത സംഘം നടത്തിയ പരിശോധനയിൽ സിംഗിന്റെ വസതിയിൽ ആശ്രമം പോലുള്ള ഒരു സജ്ജീകരണം കണ്ടെത്തിയതായി ജോർഹട്ട് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) ജയ് ശിവാനി പറഞ്ഞു. കേസിൽ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജയിലിൽ വച്ച് സിങ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

TAGS :

Next Story