യുപിയിൽ പെരുമഴ; രണ്ട് ദിവസങ്ങളിലായി ഇടിമിന്നലേറ്റ് മരിച്ചത് 25 പേര്‍
മരിച്ചവരിൽ എട്ട് സ്ത്രീകളും ഏഴ് കുട്ടികളും ഉൾപ്പെടുന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിൽ കനത്ത മഴ തുടരുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിൽ 14 ജില്ലകളിലായി 25 പേരാണ് ഇടിമിന്നലേറ്റ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരിൽ എട്ട് സ്ത്രീകളും ഏഴ് കുട്ടികളും ഉൾപ്പെടുന്നു.
പ്രയാഗ്‌രാജും ജൗൻപൂരുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട ജില്ലകൾ. നാല് പേർ വീതം മരിച്ചു. പ്രയാഗ്‌രാജിലെ സോൻവർസ ഹല്ലബോൾ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഒരേ കുടുംബത്തിലെ നാല് പേർ ഓല മേഞ്ഞ കുടിലിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇടിമിന്നലേറ്റ് മരിക്കുന്നത്. വീരേന്ദ്ര ബൻബാസി (35), ഭാര്യ പാർവതി (32), പെൺമക്കളായ രാധ (3), കരിഷ്മ (2) എന്നിവരാണ് മരിച്ചത്. ഇടിമിന്നലേറ്റ് ഇവരുടെ കുടിലിന് തീപിടിക്കുകയായിരുന്നു. ജൗൻപൂരിൽ, കാശിദാസ്പൂരിൽ ഉണ്ടായ കൊടുങ്കാറ്റിൽ മാമ്പഴം പെറുക്കുന്നതിനിടെ മിന്നലേറ്റാണ് മൂന്ന് കുട്ടികൾ മരിച്ചത്. അൻഷ് യാദവ് (12), സഹോദരൻ ആശു (10), അവരുടെ സുഹൃത്ത് ആയുഷ് (12) എന്നിവർ മരിച്ചത്. കർണഹുവ ഗ്രാമത്തിലെ വയലിൽ ജോലി ചെയ്യുന്നതിനിടെ ബ്രിജേഷ് രാജ്ഭർ (28) എന്നയാളും മിന്നലേറ്റാണ് മരിച്ചത്.
കൊടുങ്കാറ്റ്, മഴ, ആലിപ്പഴം എന്നിവ ബാധിച്ച ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ച മറ്റുള്ളവർക്കും സാമ്പത്തിക സഹായം നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

