Quantcast

'അന്ന് മെഡൽനേട്ടം ആഘോഷിച്ചവര്‍ ഇപ്പോൾ അവർക്കൊപ്പം നിൽക്കണം'-ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സാനിയ, ഇർഫാൻ, സേവാഗ്

'രാജ്യത്തിന് കീർത്തി നൽകുകയും രാജ്യത്തിന്റെ പതാക ഉയർത്തുകയും നമുക്കെല്ലാം ഏറെ സന്തോഷം പകരുകയും ചെയ്തവർക്ക് ഇന്ന് റോട്ടിലിറങ്ങേണ്ടിവരുന്നുവെന്നത് വലിയ ദുഃഖമുണ്ടാക്കുന്ന കാര്യമാണ്.'

MediaOne Logo

Web Desk

  • Published:

    28 April 2023 10:14 AM GMT

Athletessolidarityforwrestlersprotest, WFIsexualharassmentcase, BrijBhushanSingh, SaniaMirza, VirenderSehwag, HarbhajanSingh, IrfanPathan
X

ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് കൂടുതൽ കായിക താരങ്ങൾ രംഗത്ത്. ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ചാണ് ക്രിക്കറ്റ്, ടെന്നീസ്, ബോക്‌സിങ് ഉൾപ്പെടെയുള്ള കായികരംഗങ്ങളിൽനിന്നും ഐക്യദാർഢ്യം എത്തുന്നത്. ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്, വീരേന്ദർ സേവാഗ്, ഇർഫാൻ പത്താൻ, ബോക്‌സിങ് താരം നിഖാത് സരീൻ, ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര തുടങ്ങിയവർ പരസ്യമായി സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഒരു കായികതാരമെന്ന നിലയ്ക്കും അതിലേറെ സ്ത്രീയെന്ന നിലയ്ക്കും ഇത് ഏറെ പ്രയാസത്തോടെയാണ് കാണുന്നതെന്ന് സാനിയ മിർസ പ്രതികരിച്ചു. 'അവർ നമ്മുടെ രാജ്യത്തിനു ബഹുമതികൾ നേടിത്തന്നപ്പോൾ നമ്മളെല്ലാം അവരോടൊപ്പം അതാഘോഷിച്ചു. അന്നത് നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, ഈ പ്രയാസഘട്ടത്തിൽ അവർക്കൊപ്പം നിൽക്കേണ്ട സമയമാണിത്. ഇത് അതീവ സൂക്ഷ്മമായ വിഷയവും അതിഗുരുതരമായ ആരോപണങ്ങളുമാണ്. സത്യം എന്തായാലും അധികം വൈകാതെത്തന്നെ നീതി ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ.'-സാനിയ ട്വീറ്റ് ചെയ്തു.

രാജ്യത്തിന് കീർത്തി നൽകുകയും രാജ്യത്തിന്റെ പതാക ഉയർത്തുകയും നമുക്കെല്ലാം ഏറെ സന്തോഷം പകരുകയും ചെയ്തവർക്ക് ഇന്ന് റോട്ടിലിറങ്ങേണ്ടിവരുന്നുവെന്നത് വലിയ ദുഃഖമുണ്ടാക്കുന്ന കാര്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് പറഞ്ഞു. ഗുരുതരമായ വിഷയമാണിത്. ഇതേക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടക്കേണ്ടതുണ്ട്. താരങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സേവാഗ് ട്വിറ്ററിൽ കുറിച്ചു.

മെഡൽ നേടുമ്പോൾ മാത്രമല്ല, എപ്പോഴും രാജ്യത്തിന്റെ അഭിമാനമാണ് ഇന്ത്യൻ അത്‌ലറ്റുകളെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ പ്രതികരിച്ചു. സാക്ഷി മാലിക്കും വിനേഷ് ഫൊഗട്ടും ഇന്ത്യയുടെ അഭിമാനമാണെന്ന് രാജ്യസഭാ അംഗം കൂടിയായ ഹർഭജൻ സിങ് ട്വീറ്റ് ചെയ്തു. രാജ്യത്തിന് അഭിമാനമായവർക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടിവരുന്നുവെന്നതിൽ കായികതാരമെന്ന നിലയ്ക്ക് തനിക്ക് വേദനയുണ്ട്. അവർക്കു നീതി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

നമ്മുടെ ഒളിംപിക്, ലോക മെഡലിസ്റ്റുകളുടെ ഈ സ്ഥിതി എന്റെ ഹൃദയം പിളർക്കുന്നു. കീർത്തിയും യശസ്സും കൊണ്ടുവന്ന് കായികതാരങ്ങളും രാജ്യത്തെ സേവിക്കുന്നുണ്ട്. എത്രയും വേഗം നീതി നടപ്പാകുമെന്ന് ഞാൻ പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ജയ് ഹിന്ദ്-രണ്ടു തവണ ബോക്‌സിങ് ലോക ചാംപ്യനായ നിഖാത് സരീൻ ട്വീറ്റ് ചെയ്തു.

കായികതാരങ്ങളെന്ന നിലയ്ക്ക് ദിവസവും കഠിനാധ്വാനം ചെയ്താണ് ഞങ്ങൾ രാജ്യത്തെ അന്താരാഷ്ട്രതലങ്ങളിൽ പ്രതിനിധീകരിക്കുന്നത്. ഇന്ത്യൻ ഗുസ്തി ഭരണസമിതിക്കകത്തെ പീഡന ആരോപണങ്ങളിൽ താരങ്ങൾക്കു തെരുവിൽ പ്രതിഷേധിക്കേണ്ടിവരുന്നുവെന്നത് തീർത്തും ആശങ്കപ്പെടുത്തുന്നതാണെന്ന് ഇന്ത്യയ്ക്ക് ഒളിംപിക്‌സ് സ്വർണ മെഡൽ സമ്മാനിച്ച അഭിനവ് ബിന്ദ്ര കുറിച്ചു.

'എല്ലാ ഇരകൾക്കുമൊപ്പം എന്റെ ഹൃദയമുണ്ട്. താരങ്ങളുടെ ആശങ്കകൾ കേട്ടും നീതിയുക്തമായും സ്വതന്ത്രമായും അഭിമുഖീകരിച്ചും വിഷയം കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. പീഡനങ്ങൾ തടയാനും ഇരകൾക്ക് നീതി ഉറപ്പാക്കാനും കൃത്യമായ സംവിധാനത്തിന്റെ ആവശ്യം ഉയർത്തിക്കാട്ടുന്നതാണ് ഈ സംഭവം. എല്ലാ കായികതാരങ്ങൾക്കും വളരാൻ പറ്റിയ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനായി നമ്മൾ പരിശ്രമിക്കണം.'-അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ നീരജ് ചോപ്ര, നവ്‌ജോത് സിങ് സിദ്ദു തുടങ്ങിയവരും ഗുസ്തി താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരുടെ മൗനം ചോദ്യംചെയ്ത് ലോക മെഡൽ ജേതാവായ വിനേഷ് ഫൊഗട്ട് രംഗത്തെത്തിയിരുന്നു. രാജ്യം മുഴുവൻ ക്രിക്കറ്റിനെ ആരാധിക്കുമ്പോൾ ഒരൊറ്റ താരവും വിഷയം തുറന്നുപറഞ്ഞു രംഗത്തെത്തിയിട്ടില്ല. ഭരണാധികാരികൾക്കെതിരെ സംസാരിക്കാൻ അവർക്കു ധൈര്യമില്ലെന്നും അവർ കുറ്റപ്പെടുത്തി.

Summary: More athletes join with solidarity for wrestlers protest in WFI sexual harassment case against Brij Bhushan Singh. the players list includes Sania Mirza, Virender Sehwag, Harbhajan Singh, Irfan Pathan, Abhinav Bindra and Nikhat Zareen

TAGS :

Next Story