Quantcast

ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുന്നു, ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള സാഹചര്യം വേണം: രാഹുൽ ഗാന്ധി

കൊളംബിയയിലെ ഇഐഎ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികളുമായി സംവദിക്കുമ്പോഴാണ് രാഹുലിന്റെ വിമർശനം

MediaOne Logo

Web Desk

  • Published:

    2 Oct 2025 3:43 PM IST

ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുന്നു, ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള സാഹചര്യം വേണം: രാഹുൽ ഗാന്ധി
X

Rahul Gandhi | Photo | X

ബൊഗോട്ട (കൊളംബിയ): ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ നിരവധി മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളുമുണ്ട്. ഒരു ജനാധിപത്യ സംവിധാനം എന്നാൽ എല്ലാവർക്കും ഇടം നൽകുന്നതാണ്. എന്നാൽ ഇപ്പോൾ ജനാധിപത്യ സംവിധാനം എല്ലാ ഭാഗത്ത് നിന്ന് ആക്രമണം നേരിടുകയാണെന്നും രാഹുൽ പറഞ്ഞു. കൊളംബിയയിലെ ഇഐഎ യൂണിവേഴ്‌സിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് അപാരമായ സാധ്യതകളുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിൽ ചൈനയെക്കാൾ ജനസംഖ്യയുണ്ട്. ചൈനയുടെ കേന്ദ്രീകൃത സംവിധാനത്തിന് പകരം വികേന്ദ്രീകൃതവും വൈവിധ്യമാർന്നതുമായ സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ സംവിധാനങ്ങൾ വളരെ സങ്കീർണമാണ്. ചൈനയിൽ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യക്ക് പുരാതനമായ ആത്മീയവും പ്രത്യയശാസ്ത്രപരവുമായ പാരമ്പര്യമുണ്ടെന്നും അത് ഇന്നത്തെ ലോകത്ത് വളരെ ഉപകാരപ്രദമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തെക്കേ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് രാഹുൽ ഗാന്ധി കൊളംബിയയിൽ എത്തിയത്. രാഷ്ട്രീയ നേതാക്കൾ, സർവകലാശാല വിദ്യാർഥികൾ, ബിസിനസുകാർ തുടങ്ങിയവരുമായി രാഹുൽ സംവദിക്കുന്നുണ്ട്. രാഹുൽ കൊളംബിയയിൽ എത്തിയതിന്റെ വീഡിയോ കോൺഗ്രസ് ഔദ്യോഗിക എക്‌സ് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

TAGS :

Next Story