Quantcast

ഡൽഹിയിൽ മാധ്യമപ്രവർത്തക ഫിദ ഫാത്തിമയ്ക്ക് നേരെ കയ്യേറ്റശ്രമം; തടഞ്ഞുവെച്ചത് പ്രസ് കാർഡ് ധരിച്ചെത്തിയ സംഘം

മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ സംഘം ഫിദ ഫാത്തിമയെ വളയുകയും 'ടോപ്പി മീഡിയ' എന്ന് വിളിച്ച് ഇസ്‌ലാമോഫോബിക് അധിക്ഷേപങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-10-11 14:31:38

Published:

11 Oct 2026 7:32 PM IST

ഡൽഹിയിൽ മാധ്യമപ്രവർത്തക ഫിദ ഫാത്തിമയ്ക്ക് നേരെ കയ്യേറ്റശ്രമം; തടഞ്ഞുവെച്ചത് പ്രസ് കാർഡ് ധരിച്ചെത്തിയ സംഘം
X

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തക ഫിദ ഫാത്തിമയ്ക്കും സഹപ്രവർത്തകർക്കും നേരെ ഭീഷണിയും അധിക്ഷേപവും. മക്തൂബ് മീഡിയയുടെ റിപ്പോർട്ടറായ ഫിദ ഫാത്തിമ, എഡിറ്റോറിയൽ ഇന്റേൺ നദ സഈദ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ അക്തറിസ്ത അൻസാരി എന്നിവരെയാണ് പ്രസ് കാർഡ് ധരിച്ചെത്തിയ ഒരു സംഘം തടഞ്ഞുവെച്ച് അധിക്ഷേപിച്ചത്.

ഞായറാഴ്ച നടന്ന എസ്ഐആർ വിരുദ്ധ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ സംഘം ഫിദ ഫാത്തിമയെ വളയുകയും 'ടോപ്പി മീഡിയ' എന്ന് വിളിച്ച് ഇസ്‌ലാമോഫോബിക് അധിക്ഷേപങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്റെ അതിക്രമം. 'ഇവർ മോദിജിയെ ചീത്തവിളിക്കുകയാണ്' (മോദി ജി കോ ഗാലി ദേ രഹീ ഹൈ യേ ലോഗ്) എന്ന് സംഘത്തിലൊരാൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

തുടർന്ന്, നിങ്ങൾ ആർഎസ്എസ് പ്രവർത്തകരാണോ എന്ന് ഫിദ സംഘത്തോട് നേരിട്ട് ചോദിക്കുകയും പ്രസ് ഐഡന്റിറ്റി കാർഡുകൾ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തിരിച്ചറിയൽ രേഖകൾ കാണിക്കാൻ കൂട്ടാക്കാതിരുന്ന സംഘം ഫിദയ്ക്കും ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കും നേരെ അസഭ്യവർഷം തുടരുകയായിരുന്നു. വർഗീയ പരാമർശങ്ങളെയും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളെയും ശക്തമായി ചോദ്യം ചെയ്ത ഫിദ, 'വർഗീയത അവസാനിപ്പിക്കൂ' എന്നും സംഘത്തോട് ആവശ്യപ്പെട്ടു.

ഡൽഹിയിലെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നേരെ തുടർച്ചയായി ഭീഷണികളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നതായുള്ള ആരോപണങ്ങൾക്കിടെയാണ് പുതിയ സംഭവം.

TAGS :

Next Story