Quantcast

ഔറംഗസേബ് വിവാദം; നാഗ്പൂരിൽ നിരോധനാജ്ഞ, 30 പേര്‍ക്ക് പരിക്ക്, 65 പേര്‍ അറസ്റ്റിൽ

നാഗ്പൂരിലെ ചിറ്റ്‌നിസ് പാർക്ക് പ്രദേശത്തെ മഹലിലാണ് രാത്രി ഏകദേശം 7.30 ഓടെ ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    18 March 2025 8:13 AM IST

violent clashes in Nagpur
X

നാഗ്പൂര്‍: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്‍റെ ശവകൂടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ പല പ്രദേശങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 65 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

നാഗ്പൂരിലെ ചിറ്റ്‌നിസ് പാർക്ക് പ്രദേശത്തെ മഹലിലാണ് രാത്രി ഏകദേശം 7.30 ഓടെ ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്ത് പോലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങൾ നേർക്കുനേർ നിന്ന് കല്ലെറിയുകയായിരുന്നു.

സംഘര്‍ഷത്തിൽ നിരവധി വീടുകൾ തകര്‍ക്കപ്പെട്ടു. ഒരു മെഡിക്കൽ ക്ലിനികും നിരവധി വാഹനങ്ങളും കത്തിച്ചു. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമം തുടരുന്നതിനിടയിൽ ഇന്നലെ രാത്രി 10:30 നും 11:30 നും ഇടയിൽ നാഗ്പൂരിലെ ഹൻസപുരി പ്രദേശത്ത് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു.

സംഭാജിനഗർ ജില്ലയിലെ ഔറംഗസേബിന്‍റെ ശവകുടീരം പൊളിക്കണമെന്നും സംഘ്പരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ആവശ്യപ്പെടുന്നത്. സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, തിങ്കളാഴ്ച രാവിലെ നാഗ്പൂരിൽ ഇരു ഗ്രൂപ്പുകളും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

എന്നാല്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകം നീക്കുന്നതില്‍ നിയമ തടസമുണ്ട്. മറാഠാ വികാരവുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയില്‍ പ്രതിപക്ഷം ഇതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കെ ജനശ്രദ്ധ തിരിക്കാന്‍ ഹിന്ദു- മുസ്‍ലിം വര്‍ഗീയ കാര്‍ഡ് ഇറക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പൊലീസ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരോടും സമാധാനം പാലിക്കന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആവശ്യപ്പെട്ടു. നാഗ്പൂർ പൊലീസ് കമ്മീഷണർ രവീന്ദർ കുമാർ സിംഗാൾ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ നിലനിൽക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ അറിയിച്ചു. കോട്വാലി, ഗണേശ്പേത്ത്, തഹസിൽ, ലകദ്ഗഞ്ച്, പച്ച്പയോളി, ശാന്തിനഗർ, സക്കാർദാര, നന്ദൻവൻ, ഇമാംവാദ, യശോധരനഗർ, കപിൽനഗർ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കർഫ്യൂ ബാധകം.

TAGS :

Next Story