'ലൈക്കുകൾക്ക് വേണ്ടി എന്തിനാണ് റീൽസിൽ ഇന്ത്യയുടെ വൃത്തിഹീനമായ മുഖം മാത്രം കാണിക്കുന്നത്, നല്ലത് കാണുന്നില്ലേ'; വിദേശ സഞ്ചാരികളോട് ആസ്ത്രേലിയൻ യുവതി
ഋഷികേശിൽ ഒരു ശുചീകരണ തൊഴിലാളി റോഡരികിൽ അഴുക്കുചാലുകൾ വൃത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്

Photo| Instagram
ഡൽഹി: വലിയ നീളൻ ചൂലുകളുമായി തെരുവുകൾ വൃത്തിയാക്കുന്ന തൂപ്പുകാര്‍.ഏതൊരു ഇന്ത്യൻ നഗരവും ഉണരുന്നത് ഈ തൂപ്പുകാരുടെ തലോടൽ ഏറ്റായിരിക്കും. നമ്മുടെ രാജ്യത്തെ പ്രഭാത കാഴ്ചകളിലൊന്നാണിത്. ഇന്ത്യയിലെ അധികം ആരും കാണാത്ത പ്രഭാത തെരുവ് വൃത്തിയാക്കൽ സംസ്കാരത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചര്‍ച്ച. ഈ വൃത്തിയാക്കൽ പരിപാടിയെ പ്രശംസിച്ച് ഒരു ആസ്ത്രേലിയൻ യുവതി പങ്കുവച്ച വീഡിയോയാണ് ചര്‍ച്ചകളിലേക്ക് വഴി വച്ചത്.
ഋഷികേശിൽ ഒരു ശുചീകരണ തൊഴിലാളി റോഡരികിൽ അഴുക്കുചാലുകൾ വൃത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്. വേസ്റ്റുകൾ ഇടാൻ ഒരു ഉന്തുവണ്ടിയും സമീപത്ത് വച്ചിട്ടുണ്ട്. "ഇന്ത്യ എത്ര വൃത്തിഹീനമാണെന്ന് കാണിക്കുന്ന റീലുകൾ വിനോദസഞ്ചാരികൾ പോസ്റ്റ് ചെയ്യും, പക്ഷേ അതിരാവിലെ തെരുവ് വൃത്തിയാക്കുന്ന വീഡിയോ അവർ നിങ്ങളെ കാണിക്കില്ല" എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. "ഇന്ത്യയുടെ ഏറ്റവും മോശം വശം കാണിക്കാൻ വേണ്ടിയാണ് ഇത്രയധികം വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കുന്നത്. അവരെ അതിന് പ്രേരിപ്പിക്കുന്ന ഘടകമാണ് ഏറ്റവും ഞെട്ടിക്കുന്നത്. ലൈക്കുകൾക്കും ഫോളോവേഴ്സിനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്'' യുവതി കുറിച്ചു.
എന്നാൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടെന്ന് അവര്‍ സമ്മതിച്ചു. “മാലിന്യ ശേഖരണവും സംസ്കരണവും സംബന്ധിച്ച് ഇന്ത്യയ്ക്ക് പരിഹരിക്കേണ്ട പ്രശ്‌നങ്ങളുണ്ടെന്ന് ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ ലൈക്കുകൾക്കോ ഫോളോവേഴ്സിനോ വേണ്ടി ഒരു രാജ്യത്തെയും എതിർക്കേണ്ട ആവശ്യമില്ല''. ഇന്ത്യ വലിയൊരു രാജ്യമാണെന്നും വ്യത്യസ്ത സംസ്കാരങ്ങൾ ഉള്ള നിരവധി സംസ്ഥാനങ്ങൾ കൂട്ടിച്ചേര്‍ന്നതാണെന്നും യുവതി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിങ്ങൾ സന്ദർശിക്കുന്ന എല്ലായിടത്തും ഒരുപോലെയായിരിക്കില്ലെന്നും പോസ്റ്റിൽ പറയുന്നു.
നിരവധി പേരാണ് ഈ വീഡിയോയൊട് പ്രതികരിച്ചത്. ''ഇന്ത്യ വളരെ സങ്കീര്‍ണമായ ഒരു രാജ്യമാണ്, അത്ര നല്ലതല്ലാത്ത കാര്യങ്ങളിൽ ധാരാളം അത്ഭുതകരമായ കാര്യങ്ങളുണ്ട്." എന്ന് ഒരു ഉപയോക്താവ് പറഞ്ഞു. രാജ്യത്തിന്‍റെ നല്ല വശം കാണിച്ചതിന് നന്ദിയെന്ന് ചില ഇന്ത്യാക്കാരും കുറിച്ചു. അതേസമയം, പ്രധാന നഗരങ്ങൾക്കപ്പുറം ഉൾനാടുകളിലേക്ക് പോയാലെ രാജ്യത്തിന്‍റെ വൈവിധ്യവും സംസ്കാരവും യഥാര്‍ഥത്തിൽ മനസിലാകൂവെന്ന് മറ്റൊരാൾ വാദിച്ചു.
Adjust Story Font
16

