Quantcast

ബ്രിജ് ഭൂഷണിനു പിന്തുണയുമായി അയോധ്യയിലെ ഹിന്ദു പുരോഹിതന്മാർ; തിങ്കളാഴ്ച മഹാറാലി

പോക്‌സോ നിയമം ലഘൂകരിക്കണമെന്നാണ് സന്യാസിമാർ ആവശ്യപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2023-06-01 10:00:35.0

Published:

1 Jun 2023 9:38 AM GMT

Ayodhyaseers,, BrijBhushanSingh, Ayodhya, wrestlersprotest, BrijBhushansexualharassmentcase, WFI, BJP
X

ലഖ്‌നൗ: ലൈംഗികപീഡനക്കേസിൽ കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനു പിന്തുണയുമായി അയോധ്യയിലെ ഹിന്ദു പുരോഹിതന്മാർ. ജൻ ചേതന മഹാറാലി എന്ന പേരിൽ അയോധ്യയിലെ സന്യാസിമാർ ജൂൺ അഞ്ചിന് ഐക്യദാർഢ്യ സമ്മേളനം പ്രഖ്യാപിച്ചിരിക്കുകയാണ്. പോക്‌സോ കേസ് നിയമം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി നടക്കുന്നത്.

ഗുസ്തി താരങ്ങളുടെ സമരത്തിന് ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും പിന്തുണ വർധിക്കുന്നതിനിടെയാണ് ബ്രിജ് ഭൂഷണ് പ്രതിരോധമൊരുക്കി ഹിന്ദു പുരോഹിതന്മാർ രംഗത്തെത്തുന്നത്. തലപ്പാവ് ധരിച്ചുകൊണ്ടുള്ള ബ്രിജ് ഭൂഷണിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകൾ അയോധ്യയിലുടനീളം പതിച്ചിട്ടുണ്ടെന്ന് 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച തെരുവിലിറങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് സന്യാസിമാർ.

ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിനെതിരെ ജനങ്ങളുടെ പിന്തുണ തേടി ബ്രിജ് ഭൂഷൺ തന്നെ രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റായിച്ച്, ബസ്തി, ഗോണ്ട, ബൽറാംപൂർ എന്നിവിടങ്ങളിലെല്ലാം എത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ അവധ്, പുർവാഞ്ചൽ എന്നിവിടങ്ങളിലും ബ്രിജ് ഭൂഷൺ എത്തുന്നുണ്ട്.

ഉത്തർപ്രദേശിൽ വലിയ സ്വാധീനശക്തിയുള്ള നേതാവ് കൂടിയാണ് ബ്രിജ് ഭൂഷൺ. അയോധ്യയിലെ ക്ഷേത്രങ്ങളിൽനിന്നും മഠങ്ങളിൽനിന്നുമെല്ലാം ഇപ്പോഴും വലിയ പിന്തുണ തുടരുന്നുണ്ട്.

അതേസമയം, അഞ്ചിനു നടക്കുന്ന റാലിക്ക് ബി.ജെ.പി ഇതുവരെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബ്രിജ് ഭൂഷണിനെ തള്ളാനും കൊള്ളാനും പറ്റാത്ത സ്ഥിതിയിലാണ് ബി.ജെ.പിയുള്ളത്. പാർട്ടി നടത്തുന്ന പരിപാടിയല്ലെന്നും പുരോഹിതന്മാരാണ് റാലിയുടെ സംഘാടകരുമെന്നാണ് ബി.ജെ.പി നേതാവായ സഞ്ജയ് ശുക്ല പ്രതികരിച്ചത്. പരിപാടിയിൽ പ്രവർത്തകർ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, ഗുസ്തി താരങ്ങളുടെ തുടർസമരപരിപാടികൾ തീരുമാനിക്കാനായി ഖാപ് മഹാ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. മുസഫർനഗറിലെ സോറം ഗ്രാമത്തിലാണ് മഹാപഞ്ചായത്ത് നടക്കുന്നത്. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച ഇന്ന് ബ്രിജ്ഭൂഷണിന്റെ കോലം കത്തിച്ചും സമരം നടത്തും.

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരും കർഷകസംഘടനകളും ഖാപ് മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉൾപ്പെടെയുള്ള സമരപ്രഖ്യാപനങ്ങൾ മഹാപഞ്ചായത്ത് ചർച്ച ചെയ്യും. ടിക്രി, സിംഘു, ഗാസിയാബാദ് അതിർത്തികൾ ഉപരോധിക്കുന്ന കാര്യവും ചർച്ചയാകുമെന്നാണ് അറിയുന്നത്.

Summary: Ayodhya seers to hold rally in support of WFI chief and BJP MP Brij Bhushan Sharan Singh

TAGS :

Next Story