Quantcast

'ക്ഷണം ശ്രീരാമ ഭക്തർക്ക് മാത്രം'; ഉദ്ധവ് താക്കറക്ക് മറുപടിയുമായി രാമക്ഷേത്ര മുഖ്യപുരോഹിതൻ

പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കരുതെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-01-01 09:20:32.0

Published:

1 Jan 2024 7:25 AM GMT

Uddhav Thackerays remarks,Ayodhya temple chief priest,ഉദ്ധവ് താക്കറെ,രാമക്ഷേത്രം,അയോധ്യ, രാമക്ഷേത്ര നിര്‍മാണം,ശ്രീരാമ ഭക്തര്‍
X

അയോധ്യ: ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന ശിവസേന (യുബിടി) തലവനായ ഉദ്ധവ് താക്കറെക്ക് മറുപടിയുമായി മുഖ്യപുരോഹിതൻ. ശ്രീരാമ ഭക്തർക്ക് മാത്രമേ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം നൽകിയിട്ടൊള്ളൂവെന്ന് രാമജന്മഭൂമി ക്ഷേത്രമുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

'ശ്രീരാമ ഭക്തർക്ക് മാത്രമാണ് ചടങ്ങിലേക്ക് ക്ഷണം. ശ്രീരാമന്റെ പേരിൽ ബി.ജെ.പി പോരാടുകയാണെന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു. രാമക്ഷേത്ര നിർമാണത്തിനായി തന്റെ ഭരണകാലത്ത് അദ്ദേഹം ഒരുപാട് വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.ഇതിൽ രാഷ്ട്രീയമില്ല,അത് അദ്ദേഹത്തിന്റെ ഭക്തി മാത്രമാണ്'. മുഖ്യ പുരോഹിതൻ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

രാമക്ഷേത്രചടങ്ങിലേക്ക് ക്ഷണിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞദിവസമാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെ പ്രതികരിച്ചത്. 'രാമ ക്ഷേത്രം എന്റേതുകൂടിയാണ്, എപ്പോൾ വേണമെങ്കിലും എനിക്കവിടെ പോകാം. ആരുടെയും ക്ഷണം ആവശ്യമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 'മുഖ്യമന്ത്രിയായപ്പോൾ ഞാൻ അയോധ്യയിൽ പോയിട്ടുണ്ട്. അതുകൊണ്ട് ക്ഷണപത്രം എനിക്ക് ആവശ്യമില്ല. ഈ പരിപാടി രാഷ്ട്രീയവത്കരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു,' ഉദ്ധവ് പറഞ്ഞു.

'രാമജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടി ശിവസേന നീണ്ട പോരാട്ടം നടത്തിയിട്ടുണ്ട്. ശ്രീരാമൻ ഒരു പാർട്ടിയുടെയും സ്വത്തല്ലെന്നും സുപ്രീം കോടതി വിധിയാണ് രാമക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കിയതെന്നും കേന്ദ്രത്തിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ മാത്രമാണ് ഇനി ബി.ജെ.പിക്ക് അവേശിക്കുന്നതെന്ന ശിവസേന എംപി സഞ്ജയ് റാവത്തിന്‍റെ പരാമര്‍ശത്തെയും മുഖ്യ പുരോഹിതന്‍ രൂക്ഷമായി വിമർശിച്ചു. എന്ത് വിഡ്ഢിത്തമാണ് അദ്ദേഹം പറയുന്നത്.ശ്രീരാമനെ അപമാനിക്കുകയാണ് ചെയ്യുന്നത്. രാമനിൽ വിശ്വസിച്ചവരാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്..അദ്ദേഹം പറഞ്ഞു.

ഈ വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ശ്രീരാമന്റെ പേരിൽ വോട്ട് തേടുമെന്ന് റാവത്ത് കഴിഞ്ഞദിവസം പരിഹസിച്ചിരുന്നു. 'പ്രധാനമന്ത്രിയുടെ ഓഫീസും സർക്കാരും അയോധ്യയിലേക്ക് താവളം മാറ്റണം. അവർ രാമന്റെ പേരിൽ മാത്രമേ വോട്ട് ചോദിക്കൂ, കാരണം അവർ മറ്റൊന്നും ചെയ്തിട്ടില്ല," എന്നതായിരുന്നു സഞ്ജയ് റാവത്ത് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ 6,000-ത്തിലധികം പേർ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും.

TAGS :

Next Story