'സര്‍ബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നു, ഇത് സര്‍ബത്ത് ജിഹാദ്'; വിദ്വേഷ പരാമർശവുമായി ബാബ രാംദേവ്
പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ പരാമർശം

ന്യൂഡല്‍ഹി: മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി യോഗ ഗുരു ബാബ രാംദേവ്. രാജ്യത്ത് സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്രസകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുവെന്നാണ് ബാബ രാംദേവ് ആരോപിച്ചത്. സർബത്ത് ജിഹാദ് എന്ന പദം ഉപയോഗിച്ചായിരുന്നു ആരോപണം.
പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ പരാമർശം. 'സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക' എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രോഡക്ട്സ് ഫേസ്ബുക്കില്‍ ബാബ രാംദേവിന്റെ വീഡിയോ പങ്കുവെച്ചത്.
ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ് എന്നും ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കിട്ട ഈ വീഡിയോ 37 ദശലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. സോഫ്റ്റ് ഡ്രിങ്കുകളേയും രാംദേവ് വിമർശിക്കുന്നുണ്ട്. വേനൽക്കാലത്ത് ആളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വിൽക്കുന്നുവെന്നുും രാംദേവ് ആരോപിച്ചു.
Adjust Story Font
16

