Quantcast

ബദ്‌ലാപൂരിൽ നാലും അഞ്ചും വയസുള്ള വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രതി പൊലീസിനെ വെടിവച്ചു; ഏറ്റുമുട്ടലിൽ പരിക്ക്

ഇയാളുടെ വെടിവെപ്പിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു.

MediaOne Logo

Web Desk

  • Published:

    23 Sept 2024 8:37 PM IST

Badlapur rape accused shot in police custody after opening fire on cops
X

ഭോപ്പാൽ: മഹാരാഷ്ട്രയിലെ ബദ്ലാപൂരിലെ സ്‌കൂളിൽ നാലും അഞ്ചും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു. അക്ഷയ് ഷിൻഡെ എന്ന 23കാരനായ യുവാവിനാണ് ​ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ വെടിവെപ്പിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു.

തിങ്കളാഴ്ച തലോജ ജയിലിൽ നിന്ന് ബദ്‌ലാപൂരിലേക്ക് കൊണ്ടുപോവുമ്പോഴായിരുന്നു സംഭവം. ഇയാൾ ഉദ്യോഗസ്ഥൻ്റെ തോക്ക് തട്ടിയെടുത്ത് പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ വെടിവെപ്പിലാണ് പ്രതിക്ക് പരിക്കേറ്റത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- 'പ്രതി അക്ഷയ് ഷിൻഡെ ഒരു ഉദ്യോഗസ്ഥനിൽ നിന്ന് ആയുധം തട്ടിയെടുക്കുകയും പൊലീസ് വാഹനത്തിൽ വച്ച് ഞങ്ങൾക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. നിരവധി റൗണ്ട് വെടിവെപ്പുണ്ടായി. ഇതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പിന്നാലെ പൊലീസ് തിരിച്ചും വെടിവച്ചു. വെടിയേറ്റ പ്രതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്'.

സ്‌കൂളിലെ ടോയ്‌ലറ്റിൽ വച്ച് നാലും അഞ്ചും വയസുള്ള രണ്ട് പ്രീ-പ്രൈമറി വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ആഗസ്റ്റ് 17നാണ് സ്‌കൂളിലെ ശുചീകരണത്തൊഴിലാളിയായിരുന്ന ഷിൻഡെ അറസ്റ്റിലായത്. കുട്ടികളെ പീഡിപ്പിച്ച സംഭവം പ്രദേശത്ത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്നാണ് ഇയാൾ പിടിയിലായത്.

ലോക്കൽ പൊലീസ് ആദ്യം കേസ് അന്വേഷിച്ചെങ്കിലും ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പൊതുജന പ്രതിഷേധമുയരുകയും ഇതേത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചുമതല കൈമാറുകയും ചെയ്തു. സംഭവം ഉടൻ പൊലീസിൽ അറിയിക്കാത്തതിനും അനാസ്ഥ കാട്ടിയതിനും സ്‌കൂൾ ചെയർമാനും സെക്രട്ടറിക്കുമെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

പ്രായപൂര്‍ത്തിയാവാത്തവര്‍ പീഡിപ്പിക്കപ്പെട്ടെന്ന വിവരമറിഞ്ഞാലുടന്‍ പൊലീസില്‍ പരാതിപ്പെടണമെന്ന നിര്‍ദേശമാണ് സ്കൂൾ അധികൃതര്‍ തെറ്റിച്ചത്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെയും രണ്ട് ജീവനക്കാരെയും നേരത്തെ സസ്‌പെൻഡ് ചെയ്യുകയും ബോംബെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേറ്റതായി മെഡിക്കൽ റിപ്പോർട്ടിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ആഗസ്റ്റ് 16ന് കുടുംബം റിപ്പോർട്ടുമായി സ്കൂളിലെത്തിയെങ്കിലും അധികൃതർ റിപ്പോർട്ട് തള്ളുകയായിരുന്നു. പിന്നീടാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.



TAGS :

Next Story