Quantcast

ഹരിയാന സംഘർഷം: ബജ്‌റംഗ്ദൾ നേതാവ് ബിട്ടു ബജ്‌റം​ഗിക്ക് ജാമ്യം

പ്രകോപനപരവും വർഗീയ വിദ്വേഷം വളർത്തുന്നതുമായ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിനായിരുന്നു കേസും അറസ്റ്റും.

MediaOne Logo

Web Desk

  • Published:

    30 Aug 2023 1:48 PM GMT

Bajrag Dal Leader Bittu Bajrangi Gets Bail in Haryana Nuh Violence Case
X

പട്ന: ഹരിയാനയിലെ നൂഹിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബജ്‌റംഗ്ദൾ നേതാവും പശുരക്ഷാ ​ഗുണ്ട മോനു മനേസറിന്റെ അനുയായിയുമായ ബിട്ടു ബജ്‌റംഗിക്ക് ജാമ്യം. പ്രാദേശിക കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്.

ആഗസ്റ്റ് 17ന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ബജ്‌രംഗിയെ ഫരീദാബാദിലെ നീംക ജയിലിലാണ് പാർപ്പിച്ചിരുന്നത്. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഉഷാ കുന്ദുവിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഫരീദാബാദിലെ വീട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രകോപനപരവും വർഗീയ വിദ്വേഷം വളർത്തുന്നതുമായ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിനായിരുന്നു കേസും അറസ്റ്റും. വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ അക്രമം നടന്ന് രണ്ട് ദിവസത്തിന് ശേഷം ബജ്‌റംഗിയെ ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

ഹരിയാനയിലെ നൂഹിൽ ജൂലൈ 31ന് ഉണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ ബജ്‌റംഗ്ദൾ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലീസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തതിരുന്നു.

ബജ്‌റംഗ്ദൾ റാലി തുടങ്ങുന്നതിന് മുമ്പ് ബിട്ടു ബജ്‌റംഗി പ്രകോപനപരമായ വീഡിയോകൾ നിർമിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ബജ്‌റംഗ്ദൾ റാലി തുടങ്ങുന്നതിന് മുമ്പ് മുസ്‌ലിം സമുദായത്തിനെതിരെ പ്രകോപനപരമായ വീഡിയോകൾ പുറത്തുവിട്ട് വർഗീയ സംഘർഷത്തിന് പ്രേരിപ്പിച്ചെന്നാണ് ബിട്ടു ബജ്‌റംഗിക്കെതിരായ എഫ്ഐആറിൽ പറയുന്നത്.

ജൂലൈ 31ന് വിഎച്ച്പിയുടെ ബ്രജ്മണ്ഡൽ ജലാഭിഷേക യാത്രയ്ക്കിടെ നൾഹാർ ക്ഷേത്രത്തിലേക്ക് വാളുകളും ത്രിശൂലങ്ങളും കൊണ്ടുപോകുമ്പോൾ തടഞ്ഞ എസ്പിയോടും പൊലീസ് സംഘത്തോടും ബിട്ടു ബജ്റംഗിയും അനുയായികളും മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും എഫ്ഐആറിൽ പറയുന്നു.

ഐപിസി 148 (കലാപം), 149 (നിയമവിരുദ്ധമായി സംഘം ചേരൽ), 186 (പൊതു ഉദ്യോഗസ്ഥനെ ജോലി ചെയ്യുന്നതിൽ നിന്ന് തടസപ്പെടുത്തൽ), 323 (പരിക്കേൽപ്പിക്കൽ), 332 (മുറിവേൽപ്പിക്കൽ), 353 (പൊതുസേവകനെ തടയാനുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 506 (ഭീഷണിപ്പെടുത്തൽ), 332 (പൊതുപ്രവർത്തകനെ ചുമതലയിൽ നിന്ന് പിന്തിരിപ്പിക്കാൻ മുറിവേൽപ്പിക്കൽ) എന്നീ വകുപ്പുകളും ആയുധ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.




TAGS :

Next Story