Quantcast

രാജസ്ഥാനിൽ മതപരിവർത്തനം ആരോപിച്ച് ബജ്‌റംഗ്ദൾ ആക്രമണം; മലയാളി പാസ്റ്ററടക്കമുള്ളവര്‍ക്ക് മർദനമേറ്റു

പ്രാർഥനക്കെത്തിയ ഗർഭിണിയടക്കമുള്ളവരെയും ആക്രമിച്ചു

MediaOne Logo

Web Desk

  • Published:

    22 Sept 2025 12:06 PM IST

രാജസ്ഥാനിൽ മതപരിവർത്തനം ആരോപിച്ച് ബജ്‌റംഗ്ദൾ ആക്രമണം; മലയാളി പാസ്റ്ററടക്കമുള്ളവര്‍ക്ക് മർദനമേറ്റു
X

ജയ്പൂര്‍: രാജസ്ഥാനിൽ ക്രിസ്ത്യൻ ചർച്ചിന് നേരെ മതപരിവർത്തനം ആരോപിച്ച് വീണ്ടും ബജ്‌റംഗ്ദൾ ആക്രമണം.ജയ്പൂരിലെ പ്രതാപ് നഗറിലെ എജി ചർച്ചിന് നേരെയാണ് ആക്രമണം നടന്നത്.മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിന് മർദനമേറ്റു. പ്രാർത്ഥനക്കെത്തിയ ഗർഭിണിയായ യുവതിയെയടക്കം ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ ആക്രമിച്ചു.

ഞായറാഴ്ച നടന്ന ആരാധനക്കിടയിലേക്ക് ഒരുകൂട്ടം ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ കടന്നുവരികയും മതപരിവര്‍ത്തനം ആരോപിച്ച് സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ളവരെ ആക്രമിച്ചു എന്നാണ് പരാതി.സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കടുത്ത ശിക്ഷകളുറപ്പുവരുത്തുന്ന മതപരിവർത്തന വിരുദ്ധ ബില്ല് ഈ മാസം ആദ്യമാണ് രാജസ്ഥാൻ നിയമസഭ പാസാക്കിയത്.ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള കഠിന ശിക്ഷകളാണ് നിയമത്തിലുണ്ട്. അതേസമയം,പൂര്‍വിക മതത്തിലേക്ക് മടങ്ങുന്നവരെ ശിക്ഷയില്‍ നിന്നൊഴിവാക്കുമെന്നും നിയമത്തിലുണ്ട്.

രാജസ്ഥാൻ മതപരിവർത്തന നിരോധന ബില്ലില്‍ ജീവപര്യന്തം തടവ്, ഒരു കോടി രൂപ വരെ പിഴ, കൂട്ട മതപരിവർത്തനം നടക്കുന്ന സ്ഥലങ്ങളിൽ സ്വത്തുക്കൾ കണ്ടുകെട്ടൽ എന്നിവയക്കമുള്ള കടുത്ത ശിക്ഷകളാണുള്ളത്. കോടതി നൽകുന്ന നഷ്ടപരിഹാരത്തിന് പുറമേ, കുറ്റവാളികൾക്ക് ചുമത്തുന്ന പിഴ ഇരകൾക്ക് നൽകുകയും ചെയ്യും.

വഞ്ചനയിലൂടെ കൂട്ട മതപരിവർത്തനം നടത്തുന്നവർക്ക് 20 വർഷം മുതൽ ജീവപര്യന്തം വരെ തടവും വഞ്ചനാപരമായ മാർഗങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നവർക്ക് ഏഴ് മുതൽ 14 വർഷം വരെ തടവും ശിക്ഷയും നിയമസഭ പാസാക്കിയ ബില്ലിലുണ്ട്. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗക്കാർ, ഭിന്നശേഷിക്കാര്‍ എന്നിവരെ വഞ്ചനയിലൂടെ മതം മാറ്റിയാൽ 10 മുതൽ 20 വർഷം വരെ തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കും. വഞ്ചനാപരമായ മാർഗങ്ങളിലൂടെ കൂട്ട മതപരിവർത്തനം നടത്തിയാൽ 20 വർഷം മുതൽ ജീവപര്യന്തം വരെ തടവും 25 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും.

ജൂലൈ അവസാനമായിരുന്നു ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.ഒന്‍പത് ദിവസത്തിന് ശേഷം ബിലാസ്പൂര്‍ എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story