Quantcast

കർണാടകയിൽ ഞായറാഴ്ച പ്രാർത്ഥന തടസപ്പെടുത്തി ബജ്രങ്ദള്‍; ചർച്ചിലെത്തിയവർക്കുനേരെ കൈയേറ്റം

സംഘ്പരിവാർ ആക്രമണത്തിൽനിന്ന് സംരക്ഷണം നൽകാനാകില്ലെന്നും ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്നും കഴിഞ്ഞ ദിവസം കർണാടകയിലെ ക്രിസ്ത്യൻ പുരോഹിതന്മാരോട് പൊലീസ് നിർദേശിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-29 20:41:41.0

Published:

29 Nov 2021 1:02 PM GMT

കർണാടകയിൽ ഞായറാഴ്ച പ്രാർത്ഥന തടസപ്പെടുത്തി ബജ്രങ്ദള്‍; ചർച്ചിലെത്തിയവർക്കുനേരെ കൈയേറ്റം
X

കർണാടകയിൽ ചർച്ചിലെ ഞായറാഴ്ച പ്രാർത്ഥന അലങ്കോലമാക്കി സംഘ്പരിവാർ സംഘടന. ഹാസൻ ജില്ലയിലെ ബേലൂരിലാണ് ബജ്രങ്ദളിന്റെ നേതൃത്വത്തിൽ വിശ്വാസികളെ ആക്രമിക്കുകയും പ്രാർത്ഥന തടസപ്പെടുത്തുകയും ചെയ്തത്.

ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ പ്രത്യേക ലേഖകനായ ഇമ്രാൻ ഖാൻ സംഭവത്തിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഹിന്ദുക്കളെ വ്യാപകമായി നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് സംഘം ഇവിടെയെത്തി പ്രാർത്ഥനകൾ തടസപ്പെടുത്തിയതെന്ന് ട്വീറ്റിൽ പറയുന്നു. പ്രാർത്ഥനാ ഹാൾ അനധികൃതമാണെന്നും ബജ്രങ്ദൾ സംഘം ആരോപിച്ചു. പ്രാർത്ഥനയ്‌ക്കെത്തിയിരുന്ന സ്ത്രീകൾ അക്രമികളെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്.

സംഘ്പരിവാർ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ഇതിനാൽ ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്നും കർണാടകയിൽ പലയിടങ്ങളിലും ക്രിസ്ത്യൻ പുരോഹിതന്മാരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. കർണാടകയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ സമൂഹത്തിനെതിരെ വലിയ തോതിൽ സംഘ്പരിവാർ ആക്രമണം നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് മതപുരോഹിതന്മാരെ സമീപിച്ചത്. സംഘ്പരിവാർ സംഘങ്ങളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാൽ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കണമെന്നും തങ്ങൾക്ക് സംരക്ഷണം നൽകാനാകില്ലെന്നുമാണ് പൊലീസ് പ്രദേശത്തെ പുരോഹിതന്മാരെ വിളിച്ച് അറിയിച്ചതെന്ന് വൈദികനായ തോമസ് ജോൺസൻ 'ന്യൂസ് മിനുട്ടി'നോട് പറഞ്ഞു. വൈദികനായ ചെറിയാൻ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് ചർച്ചുകളല്ലാത്ത സ്വകാര്യ വസതിയിലും വാടകയ്ക്കെടുത്ത കെട്ടിടങ്ങളിലുമെല്ലാമുള്ള പ്രാർത്ഥനാ ചടങ്ങുകൾ ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിച്ചിരുന്നുവെന്നും തോമസ് ജോൺസൻ പറയുന്നു.

ബെലഗവിയിൽ നടക്കുന്ന കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം തീരുന്നതുവരെ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കാനാണ് പൊലീസ് നിർദേശം. ഡിസംബർ 13 മുതൽ 24 വരെ നടക്കുന്ന സമ്മേളനത്തിൽ വിവാദ മതപരിവർത്തന നിരോധന ബില്ല് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനത്ത് ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടക്കുന്ന അക്രമസംഭവങ്ങളിൽ ആശങ്കയുമായി മതപുരോഹിതന്മാർ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് റവ. നന്ദുകുമാർ, റവ. ഡെറെക് ഫെർണാണ്ടസ് അടങ്ങുന്ന ബിഷപ്പുമാരുടെയും ക്രിസ്ത്യൻ നേതാക്കളുടെയും സംഘം ബെലഗവി പൊലീസ് കമ്മീഷണറെ സന്ദർശിച്ച് മെമോറാണ്ടം സമർപ്പിച്ചിരുന്നു. പുതിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങൾക്ക് പ്രത്യേക സുരക്ഷ നൽകണമെന്നായിരുന്നു ആവശ്യം. സുരക്ഷ നൽകുന്നതിനു പകരം പ്രാർത്ഥനകളും മറ്റു പരിപാടികളും നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് അപകടകരമാണെന്ന് മെമോറാണ്ടത്തിൽ സൂചിപ്പിക്കുന്നു.

Summary: BajrangDal disturbed a Christian prayer meet at Belur, Hassan, in Karnataka alleging Hindus are being forcibly converted

TAGS :

Next Story