Quantcast

പാക് യുട്യൂബ് ചാനലുകൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു

വിലക്ക് നീക്കിയ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2025-07-03 06:06:32.0

Published:

3 July 2025 11:02 AM IST

Ban on several Pak YouTube channels
X

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് യുട്യൂബ് ചാനലുകൾക്കും സെലിബ്രിറ്റികളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കും ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഈ സമൂഹമാധ്യമ അക്കൗണ്ടുകളുടെ അവലോകനം അടുത്തിടെ നടത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിലക്ക് ഏര്‍പ്പെടുത്തിയ ചില പ്ലാറ്റ്‌ഫോമുകൾ ദീർഘകാലത്തേക്ക് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്നതായി കണ്ടെത്തി. എന്നാൽ വിലക്ക് നീക്കിയ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

വിവിധ പ്ലാറ്റ്‌ഫോമുകളിലായി ഏകദേശം 14,000 അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും, അത്തരം നിരോധനങ്ങൾ ശാശ്വതമല്ലെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ ഈ അക്കൗണ്ടുകളെ പതിവായി നിരീക്ഷിക്കുമെന്ന് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. ഏപ്രിൽ 22 ലെ ആക്രമണത്തിൽ പ്രതിഷേധിച്ച് സർക്കാർ നിരോധിച്ച സബ ഖമർ, മാവ്‌റ ഹൊകെയ്ൻ, അഹദ് റാസ മിർ, ഹാനിയ അമീർ, യുംന സൈദി, ഡാനിഷ് തൈമൂർ തുടങ്ങിയ നിരവധി പാകിസ്താൻ സെലിബ്രിറ്റികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ബുധനാഴ്ച മുതൽ ഇന്ത്യയിൽ പ്രത്യക്ഷമായി തുടങ്ങി.

ഹം ടിവി, എ ആർ വൈ ഡിജിറ്റൽ, ഹർ പാൽ ജിയോ തുടങ്ങിയ പാക് വാർത്താ മാധ്യമങ്ങൾ നടത്തുന്ന നിരവധി യൂട്യൂബ് ചാനലുകൾ പോലും വീണ്ടും സ്ട്രീം ചെയ്യാൻ തുടങ്ങി. ബൈസരൻ താഴ്‌വരയിലെ ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യയ്‌ക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഡോൺ ന്യൂസ്, സമ ടിവി, ആരി ന്യൂസ്, ജിയോ ന്യൂസ് എന്നിവയുൾപ്പെടെ 16 പാക് യൂട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചിരുന്നു.

ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങൾ എന്നിവ പ്രചരിപ്പിച്ചതിനാണ് ഈ യൂട്യൂബ് ചാനലുകൾ രാജ്യത്ത് സ്ട്രീം ചെയ്യുന്നതിൽ നിന്നും വിലക്കേര്‍പ്പെടുത്തിയത്. നിരോധിക്കപ്പെട്ട ചാനലുകൾക്ക് ഇന്ത്യയിൽ 63 ദശലക്ഷം സബ്സക്രൈബേഴ്സ് ഉണ്ടായിരുന്നു. നിരോധനത്തെത്തുടർന്ന്, നിരവധി ഇന്ത്യൻ ഉപയോക്താക്കൾ VPN സേവനങ്ങൾ വഴി പാക് സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടിരുന്നു.

TAGS :

Next Story