ഗെയിം കളിക്കുന്നതിനിടെ തർക്കം; ഒമ്പതാം ക്ലാസുകാരനെ ഏഴാം ക്ലാസുകാരൻ കുത്തിക്കൊന്നു
അയൽവാസിയായ 15 വയസുകാരനാണ് കൊല്ലപ്പെട്ടത്

ബംഗളൂരു: ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു. ഹുബ്ബള്ളി നഗരത്തിലെ ഗുരുസിദ്ധേശ്വര നഗറിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥി ചേതൻ രക്കസാഗിയാണ് കൊല്ലപ്പെട്ടത്. ഏഴാം ക്ലാസുകാരനെ കസ്റ്റഡിയിലെടുത്ത് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചതായി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
‘കുട്ടികൾ തമ്മിലുണ്ടായ നിസാരമായ വഴക്കാണ് മരണത്തിലെത്തിച്ചത്. പ്രതിയും ഇരയും അയൽവാസികളാണ്. തിങ്കളാഴ്ച രാത്രി കളിക്കിടെയുണ്ടായ നിസ്സാരമായ തർക്കത്തിന് പിന്നാലെ പ്രതി വീട്ടിൽ നിന്ന് കത്തി കൊണ്ടുവന്ന് ചേതന്റെ വയറ്റിൽ കുത്തുകയായിരുന്നു. ചേതൻ കുഴഞ്ഞുവീണതിനെത്തുടർന്ന് അവരോടൊപ്പം കളിച്ചുകൊണ്ടിരുന്ന മറ്റ് കുട്ടികൾ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് പ്രതിയുടെ അമ്മ ഓടിയെത്തി ചേതനെ ഹുബ്ബള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും വേനൽക്കാല അവധിക്കാലത്ത് മറ്റ് കുട്ടികളോടൊപ്പം പതിവായി കളിക്കാറുണ്ടായിരുന്നുവെന്നും ഇരുവരുടേയും രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞു.
Adjust Story Font
16

