ബംഗളൂരു ബെന്നാർഘട്ട നാഷണൽ പാർക്കിൽ ജീപ്പ് സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു- വിഡിയോ
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്

ബംഗളൂരു: ബംഗളൂരു ബെന്നാർഘട്ട നാഷണൽ പാർക്കിൽ പുലിയുടെ ആക്രമണത്തിൽ 13 വയസ്സുകാരന് പരിക്ക്. പാർക്കിനുള്ളിൽ വനംവകുപ്പിന്‍റെ ജീപ്പിൽ സഫാരി നടത്തുന്നതിനിടയിലാണ് ഓടിയെത്തിയ പുലി ജീപ്പിനുള്ളിലുണ്ടായിരുന്ന കുട്ടിയെ ആക്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
പുലിയുടെ ആക്രമണത്തിൽ കുട്ടിയുടെ കൈക്ക് പരിക്കേറ്റു. വാഹനത്തിനുള്ളിൽ സൈഡ് സീറ്റിലിരിക്കുന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്.കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.ഉടൻ തന്നെ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയെന്ന് അധികൃതർ അറിയിച്ചു.
ബൊമ്മസാന്ദ്ര നിവാസിയായ സുഹാസിന്റെ കൈയിൽ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. ഉടന്‍തന്നെ ചികിത്സയ്ക്കായി അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളോടൊപ്പമാണ് സുഹാസ് നാഷണല്‍ പാര്‍ക്കിലെത്തിയത്.
സംഭവത്തിന്‍റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തൊട്ടുപിറകിലുണ്ടായിരുന്ന വാഹനത്തിലെ മറ്റൊരു വിനോദസഞ്ചാരിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജീപ്പിന് പിന്നാലെ പുലി ഓടുന്നതും, സീറ്റിലിരിക്കുന്ന കുട്ടിയെ ആക്രമിക്കുന്നതും വിഡിയോയില്‍ കാണാം.
സംഭവത്തിന് പിന്നാലെ വിശദീകരണവുമായി ബന്നാർഘട്ട നാഷണൽ പാർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എക്സില്‍ ട്വീറ്റ് ചെയ്തു. സഫാരി സോണിനുള്ളിൽ പുലിയുടെ ആക്രമണത്തില്‍ 13 കാരനായ ആണ്‍കുട്ടിക്ക് പരിക്കേറ്റു. കൈയില്‍ മുറിവേറ്റ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. കൂടുതല്‍ പരിശോധനക്കായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെന്നും അധികൃതര്‍ പറഞ്ഞു.
അപകടത്തിന് പിന്നാലെ നാഷണൽ പാർക്കിൽ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാ സഫാരി വാഹനങ്ങളുടെയും വിൻഡോ സീറ്റുകള്‍ ഗ്രില്ലുകള്‍ വെച്ച് മറക്കുമെന്നും,കാമറകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എസി ഇല്ലാത്ത സഫാരി വാഹനങ്ങളുടെ ഡ്രൈവർമാർക്കും അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബന്നാർഘട്ട സുവോളജിക്കൽ പാർക്കും നാഷണൽ പാർക്കും ബംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. എല്ലാ ആഴ്ചയും ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഇവിടേക്കെത്തുന്നത്.
Adjust Story Font
16

