Quantcast

ദ കേരള സ്റ്റോറിക്ക് ബംഗാളിൽ നിരോധനം, മുറിവായി താനൂർ ദുരന്തം; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്

വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്തിനുമായി ദ കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനർജി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-05-08 16:01:47.0

Published:

8 May 2023 3:55 PM GMT

Banning of The Kerala Story in Bengal, Tanur tragedy as a wound, todays Twitter trends, latest malayalam news
X

ദ കേരള സ്റ്റോറിക്ക് ബംഗാളിൽ നിരോധനം

വിവാദ ചലച്ചിത്രം 'ദ കേരള സ്‌റ്റോറി'ക്ക് പശ്ചിമ ബംഗാളിൽ നിരോധനം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം അറിയിക്കുകയായിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന 'ദ കേരള സ്റ്റോറി'ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാൾ സർക്കാറിന്റെ നടപടി. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്തിനുമായി ദ കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനർജി പറഞ്ഞു.

ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാൻ ബംഗാൾ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ''ആദ്യം അവർ കശ്മീർ ഫയലുകളുമായി വന്നു, ഇപ്പോൾ അത് കേരള സ്‌റ്റോറിയാണ്, പിന്നെ അവർ ബംഗാൾ ഫയലുകൾക്കായി പ്ലാൻ ചെയ്യുന്നു''- മമത ബാനർജി പറഞ്ഞു. എന്തിനാണ് ബിജെപി വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. മെയ് അഞ്ചിനാണ് കേരള സ്റ്റോറി റിലീസ് ചെയ്തത്.

മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

മദ്യനയ അഴിമതി കേസിലെ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. റൂസ് അവന്യൂ കോടതിയാണ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയത്. മെയ് 23 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കേസുമായി ബന്ധപ്പെട്ട് 622 കോടി രൂപയുടെ അഴിമതി നടന്നതായി ഇ.ഡി കോടതിയെ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അഴിമതിക്കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികൾക്ക് അനുകൂലമാകുന്നത തരത്തിൽ ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികൾ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്‌സൈസ് വകുപ്പിന്റെ ചുമതല സിസോദിയയ്ക്കായിരുന്നു. വിവാദമായതോടെ പുതിയ നയം പിൻവലിച്ചിരുന്നു.

പഞ്ചാബിനെ വിറപ്പിച്ച് ഹർഷിത് റാണ

കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡനിൽ സന്ദർശകരായ പഞ്ചാബ് കിങ്‌സിന് ഇടറിയ തുടക്കം. സ്‌കോർവേഗം കൂട്ടാനുള്ള തിടുക്കത്തിൽ വിലപ്പെട്ട മൂന്നു മുൻനിര വിക്കറ്റുകളാണ് പഞ്ചാബിനു നഷ്ടമായത്. രണ്ടു വിക്കറ്റുമായി കൊൽക്കത്ത പേസർ ഹർഷിത് റാണയാണ് സന്ദർശകരെ തുടക്കത്തിൽ തന്നെ വിറപ്പിച്ചത്. പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 58 എന്ന നിലയിലാണ് പഞ്ചാബ്. നായകൻ ശിഖർ ധവാനും ജിതേഷ് ശർമയുമാണ് ക്രീസിലുള്ളത്.

നേരത്തെ ടോസ് ലഭിച്ച ധവാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 200നു മുകളിൽ ടോട്ടൽ ലക്ഷ്യമിട്ട് ആക്രമിച്ചു കളിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് ടോസിനിടെ അദ്ദേഹം വ്യക്തമാക്കിയത്. നായകന്റെ നേതൃത്വത്തിൽ ആക്രമിച്ചുകളിച്ചെങ്കിലും ഇടവേളകളിൽ പഞ്ചാബ് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ആദ്യം പ്രഭ്‌സിമ്രാനാണ്(12) വീണത്. ഹർഷിത് റാണയുടെ പന്തിൽ വിക്കറ്റ് കീപ്പർ റഹ്മനുല്ല ഗുർബാസ് പിടിച്ചാണ് താരം പുറത്തായത്. ഹർഷിതിന്റെ അടുത്ത ഓവറിൽ ബാനുക രജപക്‌സെയും ഡക്കായി മടങ്ങി. ഇത്തവണയും ഗുർബാസിനു തന്നെയായിരുന്നു ക്യാച്ച്. പഞ്ചാബിന്റെ പ്രതീക്ഷയായിരുന്ന ലിയാം ലിവിങ്സ്റ്റണെ വരുൺ ചക്രവർത്തിയും വിക്കറ്റിനു മുന്നിൽ കുരുക്കി. ഒൻപത് പന്തിൽ 15 റൺസെടുത്താണ് താരം പുറത്തായത്.

സോണിയാ ഗാന്ധിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പങ്കെടുത്ത സോണിയാ ഗാന്ധി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് പരാതിയിൽ ബി.ജെ.പി ആരോപിച്ചു.

കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പരാതി നൽകിയത്. കോൺഗ്രസ് വിജയിച്ചാൽ കർണാടകയുടെ പരമാധികാരത്തെ ഭീഷണിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പ്രസംഗത്തിനിടെ സോണിയാഗാന്ധി പറഞ്ഞിരുന്നു. ഈ പ്രസ്താവന കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകയിലെ ആറരക്കോടി ജനങ്ങള്‍ക്കുള്ള സന്ദേശം എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.

സോണിയാഗാന്ധിയുടെ ഈ പ്രസ്താവന രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്

സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം

പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിന് സമീപമുള്ള പൈതൃക തെരുവിൽ വീണ്ടും സ്‌ഫോടനം. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് ക്ഷേത്രത്തിന് ഒരു കിലോമീറ്റർ ദൂരെ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച അർധ രാത്രിയാണ് ഇവിടെ ആദ്യത്തെ സ്‌ഫോടനം നടന്നത്.സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചില കെട്ടിടങ്ങളുടെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.സ്‌ഫോടനം നടക്കുന്ന സമയം തീർഥാടകരും വിവോദസഞ്ചാരികളുമടക്കം നിരവധി പേർ അവിടെയുണ്ടായിരുന്നു

സുവർണ്ണ ക്ഷേത്രത്തിലേക്കുള്ള പൈതൃക തെരുവിലായിരുന്നു സ്‌ഫോടനം നടന്നത്. അതേ സ്ഥലത്ത് തന്നെയാണ് ഇന്ന് വീണ്ടും സ്‌ഫോടനം നടന്നതെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉടൻ തന്നെ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. രണ്ട് സ്ഫോടനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വ്യോമസേനയുടെ യുദ്ധവിമാനം വിടിന് മുകളിൽ തകർന്ന് വീണ് മൂന്ന് മരണം

വ്യോമസേനയുടെ യുദ്ധവിമാനം ജനവാസ മേഖലയിൽ വീടിന് മുകളിൽ തകർന്നുവീണ് മൂന്നു സ്ത്രീകൾ മരിച്ചു. രാജസ്ഥാനിലെ ബഹലോൽനഗറിലാണ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു.

വ്യോമ സേനയുടെ മിഗ്-21 യുദ്ധവിമാനമാണ് തകർന്നത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം. പരിക്കേറ്റ പൈലറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. സൂറത്ത്ഗഢിൽനിന്നാണ് വിമാനം പുറപ്പെട്ടത്. അപകടസ്ഥലത്ത് 2000ത്തോളം പേർ തടിച്ചൂകൂടിയെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

താനൂർ ബോട്ട് അപകടം

താനൂർ പൂരപ്പുഴയിൽ ബോട്ട് മുങ്ങി 22 മരണം. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടു ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും താനൂരിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.

താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് മരിച്ചവരിൽ അധികവും. മരിച്ച അഫ്‌ലഹ്, അൻഷിദ് ,ഹസ്‌ന, ഷഫ്‌ന, ഫാത്തിമ മിൻഹ, സിദ്ദീഖ്, ജൽസിയ, ഫസീന, ഫൈസാൻ, സബറുദ്ദീൻ, സീനത്ത്, ജെറീർ, അദ്‌നാൻ , ഹാദി ഫാത്തിമ, ഷംന, സഹ്‌റ, നൈറ, സഫ്‌ല ഷെറിൻ, റുഷ്ദ, ആദില ഷെറി, ആയിഷാബി, അർഷാൻ എന്നിവരാണ് മരണപ്പെട്ടത്. ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

ആദിപുരുഷ് ട്രയിലർ റിലീസ് തിയതി പ്രഖ്യാപിച്ചു

പ്രഭാസ് നായകനായുന്ന ആദിപുരുഷിന്‍റെ ട്രെയിലർ റിലീസ് തിയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത സ്ക്രീനിൽ നാളെ അഞ്ച് മണിക്കാണ് ചിത്രത്തിന്‍റെ ട്രെയിലർ പ്രദർശിപ്പിക്കുക. രാമായണത്തെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഇന്ത്യൻ ഇതിഹാസ പുരാണ ചിത്രമാണ് ആദിപുരുഷ്. ഓം റൗത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ടി-സീരീസും റെട്രോഫിലിസും ചേർന്നാണ് നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച ഈ ചിത്രത്തിൽ രാഘവായി പ്രഭാസും ജാനകിയായി കൃതി സനോനും ലങ്കേഷായി സെയ്ഫ് അലി ഖാനുമാണ് അഭിനയിക്കുന്നത്.

2020 ഓഗസ്റ്റിൽ ഒരു ഔദ്യോഗിക മോഷൻ പോസ്റ്ററിലൂടെയാണ് ആദിപുരുഷ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് അജയ്-അതുൽ ആണ്. ₹550 കോടിയിലധികമാണ് ആദിപുരുഷിന്‍റെ നിർമാണ ചെലവ്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.

TAGS :

Next Story