മീനാക്ഷി ലേഖിയെ വെട്ടി; ഡൽഹിയിൽ സുഷമ സ്വരാജിന്റെ മകൾ ബൻസൂരിയെ രംഗത്തിറക്കി ബി.ജെ.പി
കോൺഗ്രസിനെതിരെ മോദി നിരന്തരം കുടുംബവാഴ്ച ആരോപിക്കുന്നതിനിടെയാണ് ബി.ജെ.പി മുൻ നേതാവിന്റെ മകൾക്ക് സീറ്റ് നൽകിയിരിക്കുന്നത്.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം കുടുംബവാഴ്ച ആരോപിക്കുന്നതിനിടെ മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകൾ ബൻസൂരി സ്വരാജിനെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കി ബി.ജെ.പി. ന്യൂഡൽഹി മണ്ഡലത്തിലാണ് ബൻസൂരി സ്വരാജ് ജനവിധി തേടുന്നത്. മീനാക്ഷി ലേഖിയെ ഒഴിവാക്കിയാണ് ബൻസൂരിക്ക് ബി.ജെ.പി സീറ്റ് നൽകിയത്.
തനിക്ക് അവസരം നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയവരോട് നന്ദിയുണ്ടെന്ന് ബൻസൂരി പറഞ്ഞു. മോദി ഗ്യാരണ്ടിയിൽ ഓരോ ഇന്ത്യക്കാരനും വിശ്വാസമുണ്ട്. എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന ഉറപ്പാണ് മോദി ഗ്യാരണ്ടിയുടെ സവിശേഷത. ആർട്ടിക്കിൾ 370 റദ്ദാക്കൽ, രാമക്ഷേത്ര നിർമാണം, വനിതാ സംവരണം തുടങ്ങിയ വാഗ്ദാനങ്ങൾ നടപ്പാക്കിയത് അതിന്റെ തെളിവാണെന്നും ബൻസൂരി പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള സഖ്യത്തിന് പിന്നിൽ സ്വാർഥത മാത്രമാണെന്നും അവർ പറഞ്ഞു.
Adjust Story Font
16

