നിയമവിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാര്‍കൗണ്‍സിലിന് അധികാരമില്ല -സുപ്രീംകോടതി
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ണായക നിരീക്ഷണം

ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥികള്‍ അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നതിന് മുമ്പ് അവരുടെ പെരുമാറ്റത്തിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്കും അധികാരമില്ലെന്ന് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ണായക നിരീക്ഷണം. 1961ലെ Advocates Act പ്രകാരം ബാര്‍ കൗണ്‍സിലിന് നിയമവിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ വ്യക്തമായോ പരോക്ഷമായോ അധികാരം നല്‍കിയിട്ടില്ലെന്ന് കോടതി പറഞ്ഞു.
നിയമവിദ്യാര്‍ഥികളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കേണ്ടത് അവര്‍ പഠിക്കുന്ന സര്‍വകലാശാലയ്‌ക്കോ വിദ്യാഭ്യാസ സ്ഥാപനത്തിനോ, അതത് സ്ഥാപനത്തിന്റെ ചട്ടങ്ങളും ബൈലോകളും അനുസരിച്ചായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ഒരു വിദ്യാര്‍ഥി അഭിഭാഷകനായി എന്റോള്‍ ചെയ്ത ശേഷമാണ് ബാര്‍ കൗണ്‍സിലിന്റെ നിയമപരമായ അധികാരം ബാധകമാകുന്നതെന്നും കോടതി പറഞ്ഞു.
ഹൈദരാബാദിലെ നല്‍സാര്‍ നിയമ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിവാദമാണ് കേസിന് പിന്നില്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സര്‍വകലാശാലയുടെ വാര്‍ഷിക ബിരുദദാന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് യൂനിവേഴ്‌സിറ്റിയിലെ ചില വിദ്യാര്‍ഥികളെ അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്ന് സംസ്ഥാന ബാര്‍ കൗണ്‍സിലിനോട് ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, നിര്‍േദേശം വിവാദമായതോടെ ഇത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. വിദ്യാര്‍ഥി പിന്നീട് അഭിഭാഷകനായി എന്റോള്‍ ചെയ്യാന്‍ അപേക്ഷിക്കുമ്പോള്‍, അഡ്വക്കറ്റ്‌സ് ആക്ട് പ്രകാരമുള്ള എന്റോള്‍മെന്റ് നിബന്ധനകള്‍ പരിശോധിക്കാന്‍ ബാര്‍ കൗണ്‍സിലിന് അധികാരമുണ്ടെന്ന്
കോടതി വ്യക്തമാക്കി. എന്നാല്‍ അതിന് മുമ്പ് വിദ്യാര്‍ഥിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുകയോ എന്റോള്‍മെന്റ് തടയുമെന്ന് മുന്‍കൂട്ടി ഉത്തരവിടുകയോ ചെയ്യുന്നത് അധികാരപരിധി മറികടക്കുന്ന തീരുമാനമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കി.
Adjust Story Font
16

