Quantcast

ബംഗാളിൽ ഗവർണറുടെ ആദ്യ നിയമസഭാ പ്രസംഗം തടസ്സപ്പെടുത്തി ബി.ജെ.പി എം.എൽ.എമാർ; കോപ്പികള്‍ കീറിയെറിഞ്ഞ് പ്രതിഷേധം

ഗവർണർ സംസ്ഥാന സർക്കാരിന്റെ നിലപാടിന് കീഴ്‌പെട്ടാണ് പ്രസംഗം നടത്തിയതെന്ന് എം.എൽ.എമാർ

MediaOne Logo

Web Desk

  • Published:

    9 Feb 2023 3:36 AM GMT

Bengal BJP ,BJP MLAs,Bengal Governor, GovernorBengal BJP ,BJP MLAs,Bengal Governor, Governor
X

കൊൽക്കത്ത: ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിന്റെ ആദ്യ നിയമസഭാ പ്രസംഗം തടസപ്പെടുത്തി ബി.ജെ.പി എം.എൽ.എമാർ. ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചും നയപ്രഖ്യാപന പ്രസംഗത്തിന്റെ കോപ്പികൾ കീറിയിട്ടും പ്രതിപക്ഷ എം.എൽ.എമാർ വാക്കൗട്ട് നടത്തി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തൃണമൂൽ കോൺഗ്രസിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം. ഗവർണർ സംസ്ഥാന സർക്കാരിന്റെ നിലപാടിന് കീഴ്‌പ്പെട്ടാണ് പ്രസംഗം നടത്തിയതെന്നും എം.എൽ.എമാർ കുറ്റപ്പെടുത്തി. പ്രസംഗത്തിന് യാഥാർഥ്യമായി ഒരുബന്ധമില്ലെന്നും സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരായ സർക്കാറാണ് ഇതെന്നും എം.എൽ.എമാർ പറഞ്ഞു.

ബഹളത്തിനിടയിലും ഗവർണർ പ്രസംഗവുമായി മുന്നോട്ടു പോയെങ്കിലും മുദ്രാവാക്യം വിളി തുടർന്നു. ഏതാനും മിനിറ്റുകൾക്ക് ശേഷം, ഗവർണറുടെ പ്രസംഗത്തിലെ ഉള്ളടക്കത്തിൽ പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

2022 നവംബറിൽ സംസ്ഥാന ഗവർണറായി ചുമതലയേറ്റ ശേഷം ബോസ് സംസ്ഥാന അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന ആദ്യ പ്രസംഗമായിരുന്നു ഇത്. എന്നാൽ പ്രസംഗം തടസപ്പെടുത്തിയിട്ടില്ലെന്നും ഗവർണർ കേന്ദ്ര സർക്കാരിനെതിരെ സംസാരിക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പറഞ്ഞു.

'ഗവർണറെ കുറ്റപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. തമിഴ്നാട് ഗവർണർ എൻ.രവിയോ മുൻ ഗവർണർ ജഗ്ദീപ് ധൻഖറോ കാണിച്ചുതന്ന വഴിയിലൂടെ നടക്കുന്നതിന് പകരം മുഖ്യമന്ത്രി മമതാ ബാനർജി ആവിഷ്‌കരിച്ച പാതയാണ് ഗവർണർ പിന്തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.. ബി.ജെ.പി എം.എൽ.എമാരുടെ മുദ്രാവാക്യങ്ങൾ ഗവർണറുടെ പ്രസംഗത്തെ ലക്ഷ്യമാക്കിയുള്ളതാണെന്നും ഗവർണറെയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്ക് നേരെ ഗോ ബാക്ക് മുദ്രാവാക്യം മുഴക്കിയവർക്ക് ഭരണഘടനയുടെ വ്യവസ്ഥകളെക്കുറിച്ച് അറിവില്ലെന്നും സഭയിൽ അംഗങ്ങളായി തുടരാൻ അവകാശമില്ലെന്നും മന്ത്രി ഫിർഹാദ് ഹക്കിം പറഞ്ഞു.

കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ഇനിയും ലഭിക്കാത്ത എംജിഎൻആർഇജിഎ ഫണ്ടിന്റെ കെട്ടിക്കിടക്കുന്ന വിഷയം ഗവർണർ തന്റെ പ്രസംഗത്തിൽ ഉന്നയിച്ചിരുന്നു. 11,800 കോടിയിലധികം രൂപ കെട്ടിക്കിടക്കുന്നുണ്ട്. ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും സാധാരണക്കാരുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാരിന്റെ ബാധ്യതകൾ നിറവേറ്റുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്തു. പാവപ്പെട്ട ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് കേന്ദ്രം ഉടൻ ഫണ്ട് അനുവദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ''ഗവർണർ തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

ഗവർണർക്കെതിരെ ബിജെപി എം.എൽ.എമാർ പോര് തുടങ്ങിയിട്ട് കുറച്ച് നാളുകളായി. കേന്ദ്രസർക്കാർ നിയമിച്ച ഗവർണറായിട്ടുപോലും മമത സർക്കാറിന് വേണ്ടി ഗവർണർ പ്രവർത്തിക്കുന്നു എന്നാണ് ബി.ജെ.പിയുടെ പ്രധാന ആരോപണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജിയെ ഗവർണർ ആനന്ദബോസ് പ്രശംസിച്ചിരുന്നു. ഇതിലുള്ള അതൃപ്തി സംസ്ഥാന ബിജെപി നേതൃത്വം പരസ്യമാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഗവർണർക്കെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് കേന്ദ്ര നേതൃത്വം നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു.



TAGS :

Next Story