അധികാരത്തിലെത്തിയാൽ ബംഗാളിൽ നിയമവാഴ്ച പുനഃസ്ഥാപിക്കും; തൃണമൂൽ പിടിച്ചെടുത്ത സിപിഎം ഓഫീസുകൾ തിരിച്ചുനൽകും: ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ
കഴിഞ്ഞ മൂന്ന് മാസത്തിനിടെ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരിൽ 90 ശതമാനവും മുസ്‌ലിംകളാണെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തങ്ങൾ അധികാരത്തിലെത്തിയാൽ നിയമവാഴ്ച പുനഃസ്ഥാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ. ഇന്ത്യ ഒരു ബഹുകക്ഷി ജനാധിപത്യ രാജ്യമാണ്. ഇവിടെ എല്ലാ പാർട്ടികൾക്കും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ബംഗാളിൽ ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണ്. അതിന് തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കണം. 2026ൽ തങ്ങൾ അധികാരത്തിലെത്തിയാൽ തൃണമൂൽ ഭരണത്തിൽ പിടിച്ചെടുത്ത സിപിഎം ഓഫീസുകൾ അവർക്ക് തിരിച്ചുകൊടുക്കും. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പഞ്ചായത്ത് അംഗങ്ങൾക്ക് ഭയമില്ലാതെ ബിജെപിയെ വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ടാവും. വിമർശിച്ചതിന്റെ പേരിൽ പൊലീസ് അവരുടെ വീട് തേടി വരില്ലെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരിൽ 90 ശതമാനവും മുസ്‌ലിംകളാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ. മുസ്‌ലിംകൾ തന്നെ മുസ്‌ലിംകളെ കൊല്ലുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത് കാണാനാവില്ല. ഗുജറാത്തിലോ ഉത്തർപ്രദേശിലോ ഇത് സംഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യൻ എക്‌സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സമിക് ഭട്ടാചാര്യ.
ബംഗാളിലെ മുസ്‌ലിംകൾക്കിടയിൽ ബിജെപിക്ക് വലിയ സ്വാധീനമില്ല. ഒരു പാർട്ടിയെന്ന നിലയിൽ എല്ലാവരെയും ഉൾക്കൊള്ളണം എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ബംഗാളിൽ വലിയൊരു വിഭാഗം മുസ്‌ലിംകൾ തങ്ങൾക്ക് വോട്ട് ചെയ്യുന്നില്ല. എങ്കിലും ബിർഭൂം, മുർശിദാബാദ് പോലുള്ള പ്രദേശങ്ങളിലെ ചില മുസ്‌ലിം ഭൂരിപക്ഷ പഞ്ചായത്തുകളിൽ തങ്ങൾ വിജയിച്ചിട്ടുണ്ട്. തങ്ങളുടെ പോരാട്ടം ഒരിക്കലും മുസ്‌ലിംകൾക്ക് എതിരല്ല. മുസ്‌ലിംകളിലെ ദാരിദ്ര്യത്തിന് എതിരെയാണ് തങ്ങൾ പോരാടുന്നത്. അംഗീകാരമില്ലാത്ത മദ്രസകൾ ഒഴിവാക്കി സയൻസും ഇംഗ്ലീഷും പഠിക്കാൻ തയ്യാറാവണമെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു.
ബിഹാറിലെ വോട്ടർ പട്ടിക പുനഃപരിശോധനയെ സമിക് ഭട്ടാചാര്യ ന്യായീകരിച്ചു. ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും വോട്ടർപട്ടികയിൽ തിരുകിക്കയറ്റാനാണ് മമത ശ്രമിക്കുന്നത്. അവർക്ക് വ്യാജ ആധാർ കാർഡും പാൻ കാർഡും വോട്ടർ ഐഡിയും നൽകുന്നു. വ്യാജ വോട്ടർമാരെ ഒഴിവാക്കി യഥാർഥ വോട്ടർമാരുടെ പട്ടിക തയ്യാറാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

