Quantcast

'മകനെ സ്‌നേഹിക്കുന്നു, പക്ഷേ...'; മൃതദേഹത്തിന് സമീപം ഐലൈനർ കൊണ്ടെഴുതിയ കുറിപ്പ്, വഴിത്തിരിവ്

മകനെ കൊന്ന് ബാഗിലാക്കിയ സംഭവത്തിലെ പ്രതി സുചന സേഥ് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-01-13 07:55:56.0

Published:

13 Jan 2024 6:05 AM GMT

Bengaluru CEO son murder,Suchana Seth,Bengaluru murder,CEO son murder,latest national news,crime news,Bengaluru crime,ബംഗളുരു സി.ഇ.ഒ
X

പനാജി: എഐ സ്റ്റാർട്ടപ്പ് സി.ഇ.ഒ മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ സംഭവത്തിൽ നിർണായ വിവരങ്ങൾ പൊലീസിന് ലഭിച്ചു. കുട്ടിയുടെ മൃതദേഹത്തിനൊപ്പം ഐലൈനർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറിൽ എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. പ്രതി സുചന സേഥ് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്. ഭർത്താവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചാണ് കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്. ഭർത്താവുമായുള്ള ബന്ധം വഷളായതിനെ കുറിച്ചും കുട്ടിയെ കാണാൻ അനുവദിച്ച കോടതി ഉത്തരവിൽ അതൃപ്തനാണെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. താൻ അങ്ങേയറ്റം നിരാശയാണെന്നും മകനെ അങ്ങേയറ്റം സ്‌നേഹിക്കുന്നതായും കുറിപ്പിലുണ്ട്. പക്ഷേ മകനെ അവന്റെ പിതാവ് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിവാഹമോചനം അനുവദിച്ചാലും മകന്റെ കസ്റ്റഡി പൂർണമായും എനിക്ക് വേണമെന്നും കത്തിലുണ്ടെന്ന് പൊലീസ് പറയുന്നു.

കത്ത് എഴുതിയത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ടെങ്കിലും കുഞ്ഞിനെ കൊന്നതല്ലെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണെന്നും പൊലീസ് പറയുന്നു. ഗോവ പൊലീസ് കണ്ടെടുത്ത കുറിപ്പ് വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ മകന്റെ മരണത്തിൽ യാതൊരു വികാരവും സുചന ഇതുവരെ പ്രകടിപ്പിച്ചില്ലെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവിനെയാണ് എല്ലാത്തിനും കുറ്റപ്പെടുത്തുന്നതെന്നും പൊലീസ് പറയുന്നു. മലയാളിയായ വെങ്കിട്ടരാമനാണ് സുചനയുടെ ഭർത്താവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വെങ്കിട്ടരാമനും സുചനയും പിരിഞ്ഞ് ജീവിക്കുകയാണ്. ഇരുവരുടെയും വിവാഹമോചന കേസിന്റെ നടപടികൾ അവസാനഘട്ടത്തിലാണ്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈൻഡ്ഫുൾ എ.ഐ ലാബ് സഹസ്ഥാപകയും സിഇഒയുമായ 39കാരിയായ സുചന. ജനുവരി ഏഴിന് ഗോവയിലെകൻഡോലിമ്മിൽ ഒരു ഹോട്ടലിൽ വച്ചാണ് സുചന സേഥ് തന്റെ മകനെ കൊന്ന് ബാഗിനുള്ളിലാക്കിയത്. തുടർന്ന് ടാക്‌സി വിളിച്ച് ബാഗിലാക്കിയ മകന്റെ മൃതദേഹവുമായി ഗോവയിൽ നിന്നും ബെംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു. യാത്രയ്ക്കിടെ കർണാടകയിലെ ചിത്രദുർഗയിൽ നിന്നുമാണ് ഇവരെ പൊലീസ് പിടികൂടുന്നത്.

ജനുവരി ആറിനാണ് നോർത്ത് ഗോവയിലെ ഒരു ഹോട്ടലിൽ സുചന മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് അവിടെ നൽകിയത്. എട്ടാം തീയതി രാവിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു. ബംഗളുരുവിലേക്ക് പോകാൻ ടാക്‌സി വേണമെന്ന് ഇവർ ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. സുചന പോയ ശേഷം മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാർ മുറിയിൽ രക്തക്കറ കണ്ടു. ഉടൻ ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചു. യുവതി ഹോട്ടലിലേക്ക് വരുമ്പോൾ മകൻ ഒപ്പമുണ്ടായിരുന്നെങ്കിലും പുറത്തിറങ്ങുമ്പോൾ കുട്ടിയുണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇതോടെ പൊലീസുകാർ വിളിച്ച് മകൻ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ മർഗാവോ ടൗണിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് സുചന പറഞ്ഞത്. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോൾ നൽകി. എന്നാൽ ഈ വിലാസം വ്യാജമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഇതോടെ പൊലീസ് സുചന സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസിലാവാതിരിക്കാൻ കൊങ്കിണി ഭാഷയിലാണ് സംസാരിച്ചത്. സുചനയ്ക്ക് ഒരു സംശയവും തോന്നാതെ ടാക്‌സി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവർ ചിത്രദുർഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് കാർ എത്തിച്ചു.

മുറിയിൽ കണ്ട ചോരപ്പാടുകളെ കുറിച്ച് ചോദിച്ചപ്പോൾ ആർത്തവ രക്തം വീണതാണെന്നായിരുന്നു സുചന പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ അതിനുള്ളിൽ നാല് വയസുകാരൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഐമംഗല പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് കർണാടകയിലെത്തിയ ?ഗോവയിലെ അന്വേഷണ സംഘം പ്രതിയെ അവിടേക്ക് കൊണ്ടുപോയി.

ഡാറ്റ സയൻസുമായി ബന്ധപ്പെട്ട മേഖലയിൽ തനിക്ക് 12 വർഷത്തിലേറെ പ്രവൃത്തിപരിചയമുണ്ടെന്നാണ് സുചന സാമൂഹികമാധ്യമങ്ങളിൽ അവകാശപ്പെടുന്നത്.


TAGS :

Next Story