മൃതദേഹമില്ല, തെളിവില്ല; എന്നിട്ടും സീത കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം!
പൊലീസ് സംഘം കനാലില്‍ വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെ മറ്റ് തെളിവുകളോ ലഭിച്ചില്ല

ഒരു കൊലപാതകക്കേസില്‍ പ്രതി ശിക്ഷിക്കപ്പെടണമെങ്കില്‍ കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല കൊല്ലപ്പെട്ടയാളുടെ മൃതദേഹവും (Corpus Delicti) കണ്ടെത്തണം. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കിട്ടാത്ത ചില കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അത്തരം കേസുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് മാത്രം.
അങ്ങനെയൊരു കേസിലാണ് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2021ല്‍ 47 വയസുള്ള വിധവയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് രണ്ട് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവും 30,000 രൂപ വീതം പിഴയും വിധിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ മന്ത്രലായം എന്ന സ്ഥലത്ത് താമസിക്കുന്ന എസ്. നൂര്‍ അഹമ്മദ് (43), സത്യനാരായണ എന്ന സത്യ (39), എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ബംഗളൂരു രാജാജിനഗര്‍ സ്വദേശിയായ സീത ആചാര്‍ എന്ന വിധവയെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയെന്നാണ് കേസ്.
ഭര്‍ത്താവിന്റെ മരണശേഷം രാജാജിനഗറില്‍ ഒറ്റയ്ക്കാണ് സീത ആചാര്‍ താമസിച്ചിരുന്നത്. 2021ല്‍ ആന്ധ്രാപ്രദേശിലെ മന്ത്രലായം എന്ന സ്ഥലത്തുള്ള കുടുംബസ്വത്തിനെച്ചൊലി ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തു. മന്ത്രലായത്തിലെ റിയല്‍റ്ററായ എസ്. നൂര്‍ അഹമ്മദ് 2 ഏക്കര്‍ ഭൂമി ഒരു രാഷ്ട്രീയ നേതാവിന്റെ മകന് വില്‍ക്കാന്‍ കരാറുണ്ടാക്കിയിരുന്നു. ഈ കരാറിൽ ഒപ്പിടാൻ മറ്റ് കുടുംബാംഗങ്ങള്‍ സമ്മതിച്ചെങ്കിലും സീത വിസമ്മതിച്ചു. ഭൂമി വിറ്റ് സീതയ്ക്കുള്ള കടം വീട്ടാമെന്ന നിര്‍ദേശം വെച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. ഇതോടെ സീതയെ വധിക്കാന്‍ നൂർ അഹമ്മദ് തീരുമാനിച്ചു. ഇതിനായി മറ്റ് പ്രതികൾക്ക് 8 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും 2 ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു.
2021 മാര്‍ച്ച് 26ന് ആഭരണങ്ങള്‍ വാങ്ങാന്‍ ഹസനിലേക്ക് പോകാമെന്ന് പറഞ്ഞ് പ്രതികള്‍ സീതയെ ബെംഗളൂരുവില്‍ നിന്ന് കൊണ്ടുപോയി. ബെല്ലൂര്‍ ക്രോസിലേക്കും തുടര്‍ന്ന് ഹൊസപേട്ടയിലേക്കും യാത്ര ചെയ്യുന്നതിനിടെ ഇവര്‍ സീതയെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ചികിത്സ നല്‍കാനെന്ന വ്യാജേന സയനൈഡ് കലര്‍ത്തിയ മരുന്ന് നല്‍കി. ഇത് കഴിച്ച് സീത മരിക്കുകയായിരുന്നു.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതികള്‍ മൃതദേഹവുമായി ഹൊസപ്പേട്ടിലേക്ക് പോയി. തുടര്‍ന്ന് അവിടെയുള്ള കനാലില്‍ മൃതദേഹം ഉപേക്ഷിച്ചു. കനാലില്‍ വീണ മൃതദേഹം എവിടേക്കോ ഒഴുകിപ്പോയി.
സീതയെ പെട്ടെന്ന് കാണാതായതോടെ അവരുടെ സഹോദരന്‍ വെങ്കിടേഷ് ആചാര്‍ ആദ്യം കര്‍ണൂല്‍ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് ബെംഗളൂരുവിലെ സുബ്രഹ്മണ്യനഗര്‍ പൊലീസിലും പരാതി നല്‍കി. മന്ത്രാലയത്തിലെ സ്വത്തില്‍ കണ്ണുവെച്ചവര്‍ സീതയുടെ തിരോധാനത്തിന് പിന്നിലുണ്ടാകുമെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു.
സീതയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. എന്നാല്‍ ഏഴ് മാസം അന്വേഷിച്ചിട്ടും അവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഒടുവില്‍ സുബ്രഹ്മണ്യനഗര്‍ പൊലീസ്, സീത അവസാനം ആരെയാണ് ഫോണ്‍ വിളിച്ചതെന്ന് അന്വേഷിച്ചു. കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച പൊലീസ് നൂര്‍ അഹമ്മദ്, സത്യനാരായണ, മെന്റല്‍ രഘു, കുമാര എന്നിവരിലേക്ക് എത്തുകയായിരുന്നു. ഇവര്‍ നാലുപേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. (വിചാരണയ്ക്ക് മുമ്പ് രഘുവും കുമാരയും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരിച്ചു)
പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. സീത ആചാറിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നും മൃതദേഹം ഹൊസപേട്ട് കനാലില്‍ തള്ളിയതായും പ്രതികള്‍ സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് സംഘം കനാലില്‍ വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെ മറ്റ് തെളിവുകളോ ലഭിച്ചില്ല.
ഇതോടെ കൊലക്കേസ് കോടതിയില്‍ തെളിയിക്കുക പ്രോസിക്യൂഷന് വലിയ വെല്ലുവിളിയായി. സീത ആചാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നെന്നും പ്രതിഭാഗം ശക്തിയുക്തം വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം പൊളിച്ചെഴുതാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷൈലജ നായകിന് സാധിച്ചു. സാഹചര്യത്തെളിവുകളെയും സാങ്കേതിക തെളിവുകളെയും ആശ്രയിച്ചായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകള്‍ (CDR), സിസിടിവി ദൃശ്യങ്ങള്‍, സീതയുടെ ശരീരത്തില്‍ നിന്ന് മാറ്റിയ ശേഷം ജ്വല്ലറിയില്‍ പണയം വെച്ച ആഭരണങ്ങള്‍ എന്നിവയാണ് അന്വേഷണസംഘം തെളിവുകളായി കോടതിയില്‍ ഹാജരാക്കിയത്.
2022 ജനുവരി 26ന് മന്ത്രാലയത്തിലെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ സീതയെ കണ്ടതായി മാടപ്പ എന്നയാള്‍ പ്രതിഭാഗത്തിനായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ നിര്‍ബന്ധിത ദേശീയ അവധിയായ റിപ്പബ്ലിക് ദിനത്തില്‍ ഒരു സര്‍ക്കാര്‍ പഞ്ചായത്ത് ഓഫീസ് എങ്ങനെ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പ്രോസിക്യൂട്ടര്‍ ഷൈലജ ചോദിച്ചപ്പോള്‍, മാടപ്പയ്ക്ക് പ്രതിരോധിക്കാനായില്ല.
രണ്ടാമത്തെ സാക്ഷിയായ ഗട്ടു ഇനായത്തുള്ള, 2022 ഫെബ്രുവരിയില്‍ സീതയെ കണ്ടതായി അവകാശപ്പെട്ടു. എന്നാല്‍ ക്രോസ് വിസ്താരത്തില്‍ ഇനായത്തുള്ള മുഖ്യപ്രതിയായ നൂര്‍ അഹമ്മദിന്റെ ഭാര്യാസഹോദരനാണെന്ന് കണ്ടെത്തി.
കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും സാക്ഷികള്‍ക്കും പ്രതികളുടെ ഭാഗത്ത് നിന്ന് നിരന്തരം വധഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം അതിജീവിച്ച് നടത്തിയ വിചാരണയ്‌ക്കൊടുവില്‍ കോടതി പ്രതികള്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ഇരുവര്‍ക്കും ജീവപര്യന്തം തടവ് വിധിക്കുകയുമായിരുന്നു.
Adjust Story Font
16

