ബെംഗളൂരുവിൽ സ്വിമ്മിംഗ് പൂളിൽ നിന്ന് ഷോക്കേറ്റ് രണ്ട് വിദേശ പൗരൻമാര്ക്ക് ദാരുണാന്ത്യം
മരിച്ച അലക്സാണ്ടര്‍ ലുഫ്താൻസ എയർലൈൻസിലെ ജീവനക്കാരനാണ്

ബെംഗളൂരു: ബെംഗളൂരുവിൽ ഷോക്കേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം. ജർമൻ പൗരനായ അലക്സാണ്ടർ മാക്സ്മിലിയൻ തെയ്സ് , സ്ലോവാക്യൻ പൗരൻ യൂറൈ ഹൊർവാറ്റ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ അൾസൂരിലെ കോൺറാഡ് പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റാണ് മരണം. വെള്ളിയാഴ്ച വൈകിട്ട് 5.10ഓടെയാണ് സംഭവം.
ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള നീന്തൽക്കുളത്തിൽ വെച്ചാണ് ഷോക്കേറ്റത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുഎസ് പൗരൻ മാത്യു ഡെസാന്റിസ്, പൂൾ അറ്റൻഡന്റ് രാഹുൽ തിവാരി എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു പേരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരിച്ച അലക്സാണ്ടര്‍ ലുഫ്താൻസ എയർലൈൻസിലെ ജീവനക്കാരനാണ്. ടെക് ഭീമനായ ഐബിഎമ്മിന്റെ പ്രോജക്ട് മാനേജരായ 45 കാരനായ ജുരാജ് ഹോർവാട്ടാണ് കൊല്ലപ്പെട്ട സ്ലോവാക്യൻ പൗരൻ. സംഭവത്തിൽ ദുഃഖമുണ്ടെന്നും പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും കോൺറാഡ് ഹോട്ടൽ മാനേജ്മെന്റ് പ്രസ്താവനയിൽ പറഞ്ഞു.അലക്സാണ്ടറുടെ ഭാര്യ സിൽവിയ ഒട്ടാവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുളത്തിലിറങ്ങാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മുങ്ങിമരിച്ചതായി പരാതിയിൽ പറയുന്നു.
നീന്തൽക്കുളം ശരിയായി പരിപാലിക്കുന്നതിൽ കോൺറാഡ് ഹോട്ടൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് ആരോപിച്ച് പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ 31 മുതൽ നവംബർ 30 വരെ ഹോട്ടൽ നീന്തൽക്കുളം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയാണെന്ന് ഹോട്ടലിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ഹിൽട്ടൺ ഗ്രൂപ്പിന്റെ ഭാഗമായ 24 നിലകളുള്ള ആഡംബര പഞ്ചനക്ഷത്ര ഹോട്ടലാണ് കോൺറാഡ്. സാധാരണ മുറിക്ക് ഒരു രാത്രിക്ക് കുറഞ്ഞത് 25,000 രൂപ ഈടാക്കുന്ന ഹോട്ടലിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയെക്കുറിച്ച് സംഭവം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
Adjust Story Font
16

