Quantcast

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 'എഐ ഗേള്‍ഫ്രണ്ട്' നഗ്ന വിഡിയോ പകര്‍ത്തി;യുവാവിന് നഷ്ടമായത് ഒന്നര ലക്ഷം രൂപ

പണം തന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ യുവാവിന്‍റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയയ്ക്കുമെന്നായിരുന്നു ഭീഷണി

MediaOne Logo
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട എഐ ഗേള്‍ഫ്രണ്ട് നഗ്ന വിഡിയോ പകര്‍ത്തി;യുവാവിന് നഷ്ടമായത് ഒന്നര ലക്ഷം രൂപ
X

representative image

ബംഗളൂരു: ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെട്ട 'എഐ ഗേള്‍ഫ്രണ്ട്' ബ്ലാക് മെയില്‍ ചെയ്ത് ഒന്നരലക്ഷം രൂപ തട്ടിയെടുത്തതായി യുവാവിന്‍റെ പരാതി. ബംഗളൂരുവിലെ 22കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് തട്ടിപ്പിന് ഇരയായത്.

ജനുവരി 5 നാണ് ഹാപ്പൻ എന്ന ഡേറ്റിംഗ് ആപ്പിൽ ഇഷാനി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയുമായി താന്‍ സംസാരിച്ചതെന്ന് യുവാവ് പറയുന്നു. ഇരുവരും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുകയും ചില വ്യക്തി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പിന്നീട് ഇവരുടെ സംഭാഷണം വാട്ട്സാപ്പ് മുഖേനയായി.

സ്ത്രീയുടെ നമ്പറിൽ നിന്ന് വിഡിയോ കോള്‍ യുവാവിന് വരികയും ചെയ്തു. വിഡിയോ കോളിനിടയില്‍ യുവാവിന്‍റെ നഗ്ന ചിത്രങ്ങളും തട്ടിപ്പുകാര്‍ പകര്‍ത്തുകയും ചെയ്തു. ഫോണ്‍ സംഭാഷണം അവസാനിച്ചതിന് പിന്നാലെ യുവാവിന് ഭീഷണി സന്ദേശം ലഭിച്ചു.പണം തന്നില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ യുവാവിന്‍റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയയ്ക്കുമെന്നായിരുന്നു ഭീഷണി. ആദ്യം യുവാവ് അത് അവഗണിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി ഫോണ്‍കോളുകളുടെയും സന്ദേശങ്ങളും ലഭിക്കുകയും ചെയ്തു.

ഇതോടെ ഭയന്നുപോയ യുവാവ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് 60,000 രൂപ ട്രാൻസ്ഫർ ചെയ്തു. ജനുവരി 6 ന് വൈകുന്നേരം 93,000 രൂപ കൂടി ഒരു ബാങ്ക് അക്കൗണ്ടിലേക്കും രണ്ട് യുപിഐ ഐഡികളിലേക്കും അയച്ചു.എന്നാല്‍ വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശമെത്തിയപ്പോള്‍ യുവാവ് തന്‍റെ സുഹൃത്തിനോട് നടന്നതെല്ലാം തുറന്ന് പറഞ്ഞു. സുഹൃത്തിന്‍റെ നിര്‍ദേശപ്രകാരമാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

തട്ടിപ്പുകാര്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചാണ് ഡേറ്റിങ് ആപ്പില്‍ യുവതിയെ സൃഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ഡേറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണ കേസുകൾ വർധിച്ചുവരികയാണെന്നും ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.യുവാവിന്‍റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story