Quantcast

87 കോടി വിലമതിക്കുന്ന ഐടി കമ്പനിയുടെ സോഴ്സ് കോഡ് മോഷ്ടിച്ചു; ബംഗളൂരുവില്‍ ടെക്കിക്കെതിരെ കേസ്

കമ്പനിയുടെ ഉടമസ്ഥതയിലുള്ള അതീവ രഹസ്യാത്മകമായ സോഴ്സ് കോഡും സോഫ്റ്റ്‌വെയർ വിവരങ്ങളും നിഗം അനുവാദമില്ലാതെ ചോർത്തുകയായിരുന്നു

MediaOne Logo
87 കോടി വിലമതിക്കുന്ന ഐടി കമ്പനിയുടെ സോഴ്സ് കോഡ് മോഷ്ടിച്ചു; ബംഗളൂരുവില്‍ ടെക്കിക്കെതിരെ കേസ്
X

representative image

ബംഗളൂരു: 87 കോടി രൂപ വിലമതിക്കുന്ന ഐടി കമ്പനിയുടെ സോഴ്സ് കോഡ് മോഷ്ടിച്ചതിന് ബംഗളൂരുവിൽ ടെക്കിക്കെതിരെ കേസ്. അമാദ്യൂസ് സോഫ്റ്റ്‌വെയര്‍ ലാബ്സ് ഇന്ത്യ എന്ന കമ്പനിയുടെ പരാതിയില്‍ സീനിയർ മാനേജർ-റിസർച്ച് സയന്റിസ്റ്റായി ജോലി ചെയ്യുന്ന അശുതോഷ് നിഗം എന്നയാള്‍ക്കെതിരെയാണ് കേസ്.

ഏകദേശം 8 മില്യൺ യൂറോ (ഏകദേശം 87 കോടി രൂപ) മൂല്യമുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയർ സോഴ്‌സ് കോഡ് മോഷ്ടിക്കുകയും വ്യക്തിഗത ഇമെയിൽ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തതെന്ന് വൈറ്റ്ഫീൽഡ് സൈബർ പൊലീസ് വ്യക്തമാക്കി.

2025 ഒക്ടോബർ 11നാണ് മോഷണം നടന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള അതീവ രഹസ്യാത്മകമായ സോഴ്സ് കോഡും സോഫ്റ്റ്‌വെയർ വിവരങ്ങളും നിഗം അനുവാദമില്ലാതെ ചോർത്തുകയായിരുന്നു. കമ്പനിയിൽ നടന്ന ആഭ്യന്തര ഓഡിറ്റിനിടെയാണ് സംശയാസ്പദമായ രീതിയിലുള്ള ഡാറ്റാ കൈമാറ്റങ്ങൾ ശ്രദ്ധയില്‍പെടുന്നതും മോഷണം പുറത്തറിയുന്നതും. ചോദ്യം ചെയ്തപ്പോൾ സോഴ്സ് കോഡ് അനുവാദമില്ലാതെ കൈമാറിയതായി അശുതോഷ് നിഗം സമ്മതിച്ചു. ഈ കുറ്റസമ്മതം, കമ്പനി വീഡിയോയിൽ പകർത്തി പൊലീസിന് കൈമാറി.

അന്വേഷണത്തിന് പിന്നാലെ, 2025 ഡിസംബർ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഡാറ്റാ മോഷണം ബിസിനസിനെ സാരമായി ബാധിച്ചുവെന്നും കമ്പനിയുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കപ്പെട്ടുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ടിലെ സെക്ഷൻ 65 (കമ്പ്യൂട്ടർ സ്രോതസ്സുകളിലെ രേഖകളിൽ തിരിമറി നടത്തുക), 66 (കമ്പ്യൂട്ടർ സംബന്ധമായ കുറ്റകൃത്യങ്ങൾ), 66(C) (തിരിച്ചറിയൽ രേഖകൾ മോഷ്ടിക്കൽ), 66(D) (ആൾമാറാട്ടം വഴി വഞ്ചിക്കൽ) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

TAGS :

Next Story