റീൽസ് ചിത്രീകരണത്തിനായി റോഡിൽ അഭ്യാസപ്രകടനം; ചെവിക്ക് പിടിച്ച് പൊലീസ്, കേസെടുത്തത് ഇൻസ്റ്റഗ്രാം വീഡിയോ വൈറലായതിന് പിന്നാലെ
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഇരുഡോറുകളും തുറന്നിട്ടുകൊണ്ടായിരുന്നു യുവാവിന്റെ പരാക്രമം

- Published:
22 Jan 2026 7:41 PM IST

ബെംഗളൂരു: ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരണത്തിനായി പൊതുനിരത്തിലൂടെ അപകടകരമായി വാഹനമോടിച്ച കണ്ടന്റ് ക്രിയേറ്റര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബെംഗളൂരു ട്രാഫിക് പൊലീസാണ് കേസെടുത്തത്. യുവാവിന്റെ പരാക്രമം ഇന്‍സ്റ്റഗ്രാമില്‍ വ്യാപകമായി പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് പൊലീസ് ഇടപെടല്‍.
കണ്ടന്റ് ക്രിയേഷനെന്നത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനാകരുത്. കാല്‍നടയാത്രികര്‍ കടന്നുപോകുന്ന ചര്‍ച്ച് സ്ട്രീറ്റിലൂടെയാണ് ഈ ഡ്രൈവര്‍ അഭ്യാസപ്രകടനം നടത്തുന്നത്. സുരക്ഷിതമായി കടന്നുപോകാനാണ് റോഡുകള്‍, അല്ലാതെ സോഷ്യല്‍ മീഡിയയിലേക്ക് കണ്ടന്റ് ഉണ്ടാക്കാനുള്ളതല്ല. വീഡിയോ പങ്കുവെച്ചുകൊണ്ട് ബെംഗളൂരു ട്രാഫിക് പൊലീസ് എക്‌സില്‍ കുറിച്ചു.
ചൊവ്വാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ഷണ്‍മുഖന്റെ പരാതിയിലാണ് കേസ്. ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം. കെഎ -01-എംആര്‍-9585 കാറാണ് തിരക്കേറിയ റോഡിലൂടെ അപകടകരമായി അഭ്യാസപ്രകടനം നടത്തിയത്.
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഇരുഡോറുകളും തുറന്നിട്ടുകൊണ്ടായിരുന്നു യുവാവിന്റെ പരാക്രമം. റോഡിലുണ്ടായിരുന്ന യാത്രക്കാരിലും മറ്റു വാഹനങ്ങളിലും ഒരുപോലെ ഭീതി പടര്‍ത്തുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനായി പൊതുനിരത്തുകളില്‍ അപകടകരമായി വാഹനമോടിക്കരുതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Adjust Story Font
16
