ദേശീയ യോഗ മത്സരത്തിൽ മെഡൽ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചു; യോഗ ഗുരു അറസ്റ്റിൽ
കർണാടക യോഗാസന സ്പോർട്സ് അസോസിയേഷന്‍റെ (കെവൈഎസ്എ) സെക്രട്ടറി കൂടിയാണ് പ്രതി.

ബംഗളൂരു: ബംഗളൂരുവിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യോഗ ഗുരു അറസ്റ്റിൽ. രാജരാജേശ്വരി നഗറിൽ യോഗ സെന്‍റര്‍ നടത്തുന്ന നിരഞ്ജന മൂർത്തിയാണ് അറസ്റ്റിലായത്. കർണാടക യോഗാസന സ്പോർട്സ് അസോസിയേഷന്‍റെ (കെവൈഎസ്എ) സെക്രട്ടറി കൂടിയാണ് പ്രതി.
2019 മുതൽ മൂർത്തിയെ അറിയാമെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. 2021 മുതൽ പെൺകുട്ടി യോഗ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 2023ൽ യോഗാ പരിപാടിയിൽ പങ്കെടുക്കാൻ പെൺകുട്ടി മൂര്‍ത്തിക്കൊപ്പം തായ്‍ലൻഡിലേക്ക് പോയിരുന്നു. അന്ന് 17 വയസായിരുന്നു പ്രായം. ഈ യാത്രയിൽ വച്ചാണ് മൂര്‍ത്തി പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. ഈ സംഭവത്തോടെ കുട്ടി യോഗ മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിര്‍ത്തി. പിന്നീട് 2024 ൽ മൂർത്തി നടത്തുന്ന സൺഷൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പെൺകുട്ടി യോഗ പരിശീലനത്തിൽ വീണ്ടും ചേർന്നു. അന്ന് മുതൽ മൂര്‍ത്തി വീണ്ടും പെൺകുട്ടിയെ ശല്യപ്പെടുത്താൻ തുടങ്ങി.
2025 ആഗസ്റ്റിൽ ദേശീയ യോഗ മത്സരത്തിൽ മെഡൽ വാഗ്ദാനം ചെയ്ത് മൂർത്തി തന്നെ വശീകരിച്ചുവെന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. ആഗസ്റ്റ് 22നും പീഡനത്തിനിരയാക്കിയതായി പൊലീസ് പറയുന്നു. പരാതിയെ തുടര്‍ന്ന് പോക്സോ പ്രകാരവും (ബിഎൻഎസ്) സെക്ഷൻ 69, 75(2) പ്രകാരവും കേസെടുത്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ മൂര്‍ത്തി ഒളിവിൽ പോവുകയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.യോഗ പരിശീലനത്തിന്‍റെയും മത്സര പ്ലേസ്‌മെന്‍റുകളുടെയും മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും നിരവധി സ്ത്രീകളെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
സൺഷൈൻ ദി യോഗ സോൺ വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം മൂർത്തി യോഗയിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. കൂടാതെ ദേശീയ ടീമിന്‍റെ ക്യാപ്റ്റനായി 12 തവണ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.കർണാടക സർക്കാരിന്‍റെ ലൈഫ് അച്ചീവ്‌മെന്‍റ് അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നും വെബ്‌സൈറ്റിൽ പരാമർശിക്കുന്നു.
Adjust Story Font
16

