ആർജെഡിയിൽ തലമുറമാറ്റത്തിന് കളമൊരുങ്ങുന്നു; തേജസ്വി യാദവ് പാർട്ടി തലപ്പത്തേക്ക്
തേജസ്വിക്ക് പാർട്ടിയിൽ ലാലുവിന് സമാനമായ അധികാരം നൽകുന്ന രീതിയിൽ ഭരണഘടന ഭേദഗതി ചെയ്തു.

പട്‌ന: രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതൃമാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. പാർട്ടി സ്ഥാപകൻ ലാലു പ്രസാദ് യാദവ് ആണ് ദീർഘകാലമായി പാർട്ടി അധ്യക്ഷസ്ഥാനത്തുള്ളത്. ലാലുവിന്റെ മകനും ബിഹാർ പ്രതിപക്ഷനേതാവുമായ തേജസ്വി യാദവിനെ പാർട്ടി തലപ്പത്ത് കൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാർട്ടിയുടെ പേരും ചിഹ്നവുമായി ബന്ധപ്പെട്ടതടക്കം പ്രധാന തീരുമാനങ്ങളെടുക്കാനുള്ള പൂർണ അധികാരം ലാലുവിനും തേജസ്വിക്കും നൽകാൻ പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു. തേജസ്വി ലാലുവിന്റെ പിൻഗാമിയാകുമെന്ന സൂചനയാണ് ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനം നൽകുന്നത്.
തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ പാർട്ടിയിൽ പ്രധാന തീരുമാനങ്ങളെടുക്കുന്നതിന് തേജസ്വിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരും അദ്ദേഹത്തിന് പൂർണ പിന്തുണ നൽകണമെന്നും ലാലു പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. തേജസ്വിക്ക് ലാലുവിന് തുല്യമായ പദവി നൽകുന്ന രീതിയിൽ പാർട്ടി ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു.
സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി രാമചന്ദ്ര പൂർവെയെ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. ജൂലൈ അഞ്ചിനാണ് ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ബിഹാർ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ജൂൺ 21ന് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേരും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട നിലപാട് ദേശീയ എക്‌സിക്യൂട്ടീവ് ചർച്ച ചെയ്തു.
കേവലം നേതൃമാറ്റം മാത്രമല്ല, സംഘടനാ തലത്തിൽ ആഴത്തിലുള്ള മാറ്റങ്ങളാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്ന് ആർജെഡി നേതാവ് മനോജ് ഝാ പറഞ്ഞു. പാർട്ടി പ്രവർത്തകരെ കൂടുതൽ സജീവമാക്കാനും യുവാക്കളെ പാർട്ടിയുമായി അടുപ്പിക്കാനും ഉദ്ദേശിച്ചാണ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ഝാ പറഞ്ഞു.
Adjust Story Font
16

