ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: ഇരു മുന്നണികളുടെയും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവന്നേക്കും
സീറ്റ് വിഭജനം പൂർത്തിയായ എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

Photo| scobserver
ന്യൂഡൽഹി: ബിഹാറിൽ ഇരു മുന്നണികളുടെയും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവന്നേക്കും. എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. മഹാസഖ്യത്തിൽ ഇടതു പാർട്ടികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പത്രിക സമർപ്പണം ഇന്നുമുതൽ ആരംഭിക്കും.
സീറ്റ് വിഭജനം പൂർത്തിയായ എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ ഡൽഹിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലും തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും എൽജിപിയും എച്ച്എഎമ്മും പച്ചക്കൊടി വീശിയത്തോടെയാണ് പ്രതിസന്ധി പരിഹരിക്കാനായത്. എൽജെപി കൂടുതൽ സീറ്റുകൾക്കായി കടുംപിടുത്തം പിടിച്ചതാണ് എൻഡിഎയുടെ സീറ്റ് വിഭജനം വൈകാൻ കാരണമായത്.
ഒടുവിൽ 29 സീറ്റുകൾ നൽകി ചിരാഗ് പ്രസ്വാനെ അനുനയിപ്പിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ആർഎൽഎമ്മും എച്ച്‌എഎമ്മും ആറ് സീറ്റുകളിൽ വീതം മത്സരിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനപ്രീതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും ബീഹാറിൽ ഗുണം ചെയ്യുമെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ. അതേസമയം മഹാസഖ്യത്തിലെയും ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി ലാലു പ്രസാദ് യാദവ് ഡൽഹിയിൽ എത്തിയിട്ടുണ്ട്. 60 സീറ്റുകൾ വേണമെന്ന് ഇടതു പാർട്ടികളുടെ ആവശ്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 140 സീറ്റുകളിൽ ആകും ആർജെഡി മത്സരിക്കുക. പുതുമുഖങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. വിജയ സാധ്യതയുള്ള സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കോൺഗ്രസ്. മഹാസഖ്യത്തിന്റെ പട്ടിക നാളെ പ്രഖ്യാപിച്ചേക്കും.
Adjust Story Font
16

