ബിഹാർ തെരഞ്ഞെടുപ്പ്;ആദ്യ ഘട്ട സ്ഥാനാർഥി ചർച്ച പൂർത്തിയാക്കി കോൺഗ്രസ്
സ്ഥാനാർഥി നിർണയത്തിൽ പാർട്ടികളുടെ പിടിവാശി കടുത്ത തലവേദനയാണ് മുന്നണികൾക്ക് മുന്നിലുയർത്തുന്നത്.

Photo: special arrengement
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു മാസം മാത്രം ബാക്കിനിൽക്കെ ആദ്യ ഘട്ട സ്ഥാനാർഥി ചർച്ച പൂർത്തിയാക്കി കോൺഗ്രസ്. 25 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ തീരുമാനിച്ചതായി ഡൽഹിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം കോൺഗ്രസ് വ്യക്തമാക്കി.
സ്ഥാനാർഥി നിർണയത്തിൽ പാർട്ടികളുടെ പിടിവാശി കടുത്ത തലവേദനയാണ് മുന്നണികൾക്ക് മുന്നിലുയർത്തുന്നത്. നേരത്തെ, 50 സീറ്റുകളാണ് ആർജെഡി വാഗ്ദാനം ചെയ്തിരുന്നെങ്കിലും യോഗത്തിന് ശേഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ മത്സരിച്ച പാർട്ടി ഇത്തവണ ചില വിട്ടുവീഴ്ചകൾക്ക് ഒരുക്കമാണെന്നാണ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്നലെ പ്രതികരിച്ചത്. ആർജെഡിയുമായും ഇൻഡ്യ സഖ്യകക്ഷികളുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവിടുകയെന്ന് നേതാക്കൾ അറിയിച്ചു.
കൂടുതൽ സീറ്റുകളിലേക്ക് അവകാശവാദമുന്നയിച്ച് കൊണ്ട് ഇടത് പാർട്ടികളും രംഗത്തെത്തിയതോടെ സ്ഥാനാർഥി നിർണയം കടുപ്പമേറിയിരിക്കുകയാണ്. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ തേജസ്വി യാദവുമായി പട്നയിൽ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഒരു സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിൽ മത്സരിച്ചെങ്കിലും ദയനീയ പ്രകടനം കാഴ്ച വെച്ച സിപിഐക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ആർജെഡി. മുന്നണിക്കകത്തെ സ്ഥാനാർഥി നിർണയത്തിലെ പ്രശ്നം പരിഹരിക്കുന്നതിനായി വരുംദിവസങ്ങളിലും ചർച്ചകൾ നടക്കും.
ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഒക്ടോബർ 17 വരെയും രണ്ടാം ഘട്ടം ഒക്ടോബർ 20 വരെയുമാണ് സമർപ്പിക്കേണ്ടത്.
Adjust Story Font
16

