സ്വതന്ത്രനായി മത്സരിക്കാൻ കൊട്ടും കുരവയുമായി കലക്ടറേറ്റിലെത്തി; ഒറ്റ ഫോൺ കോളിൽ യു ടേൺ അടിച്ച് ബിഹാറിലെ ബിജെപി നേതാവ്
ബിജെപി നേതാവ് അർജിത് ചൗബെയാണ് ഫോൺ കോൾ വന്നതോടെ നിശബ്ദനായി മടങ്ങിയത്

Arjit Shashwat Choubey | Photo | News 18
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധച്ചതിനെ തുടർന്ന് മുൻ കേന്ദ്രമന്ത്രി അശ്വിനി ചൗബെയുടെ മകനും ബിജെപി നേതാവുമായ അർജിത് ശാശ്വത് ചൗബെ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. ഭഗൽപൂരിൽ നിന്ന് മത്സരിക്കാനായിരുന്നു അർജിതിന് താത്പര്യം. ഇത് സാധിക്കാതെ വന്നതോടെയാണ് സ്വതന്ത്രനായി നിൽക്കാൻ തീരുമാനിച്ചത്. അനുയായികൾക്കൊപ്പം ആഘോഷപൂർവമാണ് പത്രിക സമർപ്പിക്കാൻ അർജിത് കഴിഞ്ഞ ദിവസം കലക്ടറേറ്റിലെത്തിയത്.
ഇതിനിടെയാണ് അർജിത്തിന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. മാധ്യമപ്രവർത്തകർക്ക് മുന്നിൽവെച്ച് തന്നെ അദ്ദേഹം ഫോൺ അറ്റൻഡ് ചെയ്തു. ഒറ്റവാക്കിലുള്ള ചില മറുപടികൾക്ക് ശേഷം ഫോൺ കട്ടാക്കി. പിന്നാലെ പത്രിക സമർപ്പിക്കാതെ മടങ്ങുകയായിരുന്നു.
തന്റെ പിതാവ് അശ്വിനി ചൗബെയാണ് വിളിച്ചതെന്ന് അർജിത് പിന്നീട് സ്ഥിരീകരിച്ചു. നീ ഇപ്പോൾ ബിജെപി പ്രവർത്തകനാണെന്നും പാർട്ടിയിൽ തുടരണമെന്നും പിതാവ് നിർദേശിച്ചതുകൊണ്ടാണ് പത്രിക സമർപ്പിക്കാതെ മടങ്ങിയതെന്ന് അർജിത് പിന്നീട് പറഞ്ഞു. പിതാവിനോടുള്ള ബഹുമാനംകൊണ്ടാണ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയത്. മത്സരിക്കാൻ തീരുമാനിച്ചത് മുതൽ ഉന്നത ബിജെപി നേതാക്കൾ ശക്തമായ സമ്മർദം ചെലുത്തിയിരുന്നുവെന്നും അർജിത് പറഞ്ഞു.
രോഹിത് പാണ്ഡെയാണ് ഭഗൽപൂരിലെ ബിജെപി സ്ഥാനാർഥി. 2020ലെ തെരഞ്ഞെടുപ്പിലും പാണ്ഡെ തന്നെയായിരുന്നു ഇവിടെ മത്സരിച്ചത്. അന്ന് കോൺഗ്രസിന്റെ അജിത് ശർമയോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്ന് തവണയും അജീത് ശർമയാണ് ഇവിടത്തെ എംഎൽഎ.
Adjust Story Font
16

