Quantcast

ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിന്‍റെ കാരണം ബോധിപ്പിക്കണം, കുറ്റം ചെയ്ത രീതി ഭയാനകം: ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി

'സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ല'

MediaOne Logo

Web Desk

  • Updated:

    2023-04-18 10:54:18.0

Published:

18 April 2023 10:32 AM GMT

Bilkis Banu case, ordinary cases, Supreme Court,gujarat, latest malayalam news
X

ഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിൻറെ കാരണങ്ങൾ ഗുജറാത്ത് സർക്കാർ കൃത്യമായി ബോധിപ്പിക്കണമെന്ന് സുപ്രിംകോടതി. പ്രതികള്‍ കുറ്റംചെയ്ത രീതി ഭയാനകമാണ്. പ്രതികൾക്ക് ലഭിച്ചത് 1500 ദിവസത്തെ പരോളാണ്. സാധാരണ പൗരന് ഇത് ലഭിക്കുമോയെന്ന് ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇന്ന് ബിൽക്കീസ് ബാനു കേസിൽ സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാമെന്നും കോടതി പറഞ്ഞു.

ബിൽക്കീസ് ബാനു ബലാത്സംഗ കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയ നടപടി വൻ വിവാദമാവുകയും ദേശീയതലത്തിൽ തന്നെ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പെന്ന് പറഞ്ഞാണ് ബിൽക്കീസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയത്. ബലാത്സംഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഹീനമായ ആക്രമണം എന്നിവ നടത്തുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളെ തുറന്നുവിടുന്നതിനു നിലവിൽ നിയമ തടസമുണ്ട്. 2014ലെ ഈ ഭേദഗതി പരിഗണിക്കാതെയാണ് പ്രതികളെ മോചിപ്പിച്ചതെന്ന് വിമര്‍ശനമുയര്‍ന്നു. ഗുജറാത്തിൽ സംസ്ഥാന ബിജെപി സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗ കേസ് പ്രതി പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിക്കുകയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ബിജെപി സർക്കാർ ഇവരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

സുപ്രിംകോടതിയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കൊടുംകുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമാണ് ബിൽക്കീസ് ബാനു സമർപ്പിച്ച ഹരജിയിലെ ആവശ്യം. ഗുജറാത്ത് മുൻ നിയമ സെക്രട്ടറിയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബേല എം ത്രിവേദി ബെഞ്ചിൽ നിന്ന് പിന്മാറിയതോടെയാണ് കേസ് പരിഗണിക്കുന്നത് നീണ്ടുപോയത്. ഇക്കാര്യം കഴിഞ്ഞ ആഴ്ച ബിൽക്കീസ് ബാനുവിന്റെ അഭിഭാഷക ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.

ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബിൽക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. മൂന്ന് വയസുകാരിയായ മകളടക്കം കുടുംബത്തിലെ ഏഴ് പേരെ അക്രമികൾ കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ബിൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.

TAGS :

Next Story