ചാറ്റ്ജിപിടിയുടെ 'എഐ 80 ട്രെൻഡ്' രാഷ്ട്രീയ ആയുധമാക്കി ബിജെപിയും കോൺഗ്രസ്സും
വിനോദത്തിനായി ആരംഭിച്ച ചാറ്റ്‌ജിപിടിയുടെ ‘80 വൈബ് ’ ട്രെൻഡ്, എഐ ഉപയോഗിച്ചുള്ള കോൺഗ്രസ്–ബിജെപി സോഷ്യൽ മീഡിയ പോരാട്ടത്തിന്റെ പുതിയ വേദിയായി മാറിയിരിക്കുകയാണ്.

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡാണ് ‘AI 80s ട്രെൻഡ്’. എൺപതുകളിലെ വിന്റേജ് ലുക്കിൽ സ്വന്തം ചിത്രങ്ങൾ എഐയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ സ്റ്റോറിയായും സ്റ്റാറ്റസായും പങ്കുവെക്കുകയാണ് ആളുകൾ.
തിരിച്ചുപോകാൻ കഴിയില്ലെങ്കിലും എഐയിലൂടെ 80കളുടെ ലുക്കിലേക്ക് മാറാമെന്ന കൗതുകമാണ് ട്രെൻഡിനെ ജനപ്രിയമാക്കിയത്. പ്രായഭേദമന്യേ നിരവധി പേരാണ് ട്രെൻഡിന്റെ ഭാഗമാകുന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയപ്രവർത്തകരും ഉൾപ്പെടെയുള്ള പ്രമുഖരും തങ്ങളുടെ ‘80 ലുക്ക്’ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ കൗതുകത്തിനും വിനോദത്തിനുമായി ആരംഭിച്ച ട്രെൻഡ് ഇപ്പോൾ രാഷ്ട്രീയ പോരാട്ടത്തിനും വേദിയായിരിക്കുകയാണ്. ബിജെപിയും കോൺഗ്രസും പരസ്പരം പരിഹസിക്കുന്നതിനായി എഐ സൃഷ്ടിച്ച ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്.
കേരളത്തിലെ കോൺഗ്രസ് ഘടകം പങ്കുവച്ച എഐ ചിത്രം 1980കളിലെ ഗുജറാത്തിലെ ഒരു തെരുവിനെ പ്രതിനിധീകരിക്കുന്ന തരത്തിലായിരുന്നു. ചിത്രത്തിൽ മാരുതി സുസുക്കി ഓമ്നി വാനിന്റെ മുൻസീറ്റിൽ കഷണ്ടിയുള്ള ഒരാൾ ഇരിക്കുന്നതായി കാണാം. “എ ഗുജറാത്ത് സ്ട്രീറ്റ് ഇൻ ദി 80” എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.
റോഡരികിലെ ചുവരിൽ “പ്ളീസ് സ്‌മൈൽ, യു ആർ ഇൻ ഡൽഹി ” എന്ന ഹിന്ദി വാചകവും ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. ചിത്രത്തിലെ ഓമ്നിയും അതിലെ രാഷ്ട്രീയ സൂചനകളും ചർച്ചയാവുകയും ചെയ്തു. 1984ൽ പുറത്തിറങ്ങിയ മാരുതി ഓമ്നി പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ഗുണ്ടകളുടെയും വില്ലന്മാരുടെയും വാഹനമായി പ്രത്യക്ഷപ്പെട്ടതോടെ ‘കിഡ്നാപ്പിംഗ് വാൻ’ എന്ന പരിഹാസപ്പേരും നേടിയിരുന്നു.
ഇതിന് പിന്നാലെ ബിജെപിയുടെ തെലങ്കാന ഘടകം എഐ ഉപയോഗിച്ച് തയ്യാറാക്കിയ മറ്റൊരു ചിത്രം പങ്കുവെച്ചു. ഒരു ബാറിനുള്ളിൽ ചുവന്ന വസ്ത്രം ധരിച്ച യുവതി മേശപ്പുറത്ത് നൃത്തം ചെയ്യുന്നതും സമീപത്ത് ചിലർ നോക്കിനിൽക്കുന്നതുമാണ് ചിത്രത്തിലുള്ളത്.
കോൺഗ്രസ് പങ്കുവെച്ച ഓമ്നി ചിത്രത്തെ റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ബിജെപിയുടെ ചിത്രം. “ലൂസിയാന,ഇറ്റലി.സിർക്ക -1970” എന്നായിരുന്നു അതിനൊപ്പമുള്ള കുറിപ്പ്.
പേരെടുത്ത് ആരെയും പരാമർശിച്ചില്ലെങ്കിലും, ഇറ്റലിയിലെ ലൂസിയാനയിൽ ജനിച്ച സോണിയ ഗാന്ധിയെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പരിഹാസമാണ് പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്ന തരത്തിലാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്.
ഇതോടെ വിനോദത്തിനായി ആരംഭിച്ച ചാറ്റ്‌ജിപിടിയുടെ ‘80 വൈബ് ’ ട്രെൻഡ്, എഐ ഉപയോഗിച്ചുള്ള കോൺഗ്രസ്–ബിജെപി സോഷ്യൽ മീഡിയ പോരാട്ടത്തിന്റെ പുതിയ വേദിയായി മാറിയിരിക്കുകയാണ്.
Adjust Story Font
16

