Quantcast

'കമൽഹാസന്‍റെ സിനിമകൾ ഒടിടിയിൽ പോലും കാണരുത്, ഒരു പാഠം പഠിപ്പിക്കണം'; ബഹിഷ്കരണാഹ്വാനവുമായി ബിജെപി

നേരത്തെ അത് ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോൾ, സനാതന ധർമ്മം നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമലാണ്

MediaOne Logo

Web Desk

  • Published:

    6 Aug 2025 6:17 PM IST

kamal hassan
X

ചെന്നൈ: നടൻ കമൽഹാസന്‍റെ സിനിമകൾക്കെതിരെ ബഹിഷ്കരിക്കണാഹ്വാനവുമായി തമിഴ്നാട് ബിജെപി. നടൻ സൂര്യയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ജീവകാരുണ്യ സംഘടനയായ അ​ഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ 'സനാതന ധർമത്തെക്കുറിച്ച്' താരം നടത്തിയ പരാമര്‍ശമാണ് ബിജെപിയെ ചൊടിപ്പിച്ചത്.

"നേരത്തെ അത് ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോൾ, സനാതന ധർമ്മം നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമലാണ്. നമുക്ക് അവരെ ഒരു പാഠം പഠിപ്പിക്കണം'' ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ''ഒടിടിയിൽ പോലും കമലിന്‍റെ സിനിമകൾ കാണരുതെന്ന് എല്ലാ ഹിന്ദുക്കളോടും ഞാൻ അഭ്യര്‍ഥിക്കുന്നു. നമ്മൾ അങ്ങനെ ചെയ്താൽ, ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ വേദനിപ്പിക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ പൊതു വേദികളിൽ അവർ പങ്കിടില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.

"രാഷ്ട്രത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധം അതാണ്" എന്നാണ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന കമൽഹാസൻ പറഞ്ഞത്. ഭരണകക്ഷിയായ ഡിഎംകെ നിർത്തലാക്കാൻ ആഗ്രഹിക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നെക്കുറിച്ചാണ് നടൻ പരാമർശിച്ചത്. പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ ഒരു തടസ്സമാണെന്നും കമൽ ഹാസൻ പറഞ്ഞു. "മറ്റൊരു ആയുധവും നിങ്ങളുടെ കൈയിൽ എടുക്കരുത്. മറ്റൊരു ആയുധം ഉപയോഗിച്ചും ജയിക്കുക സാധ്യമല്ല, കാരണം അജ്ഞതയുള്ള ഭൂരിപക്ഷവാദം നിങ്ങളെ പരാജയപ്പെടുത്തും," എന്നുമാണ് അദ്ദേഹം പറഞ്ഞത്.

കമലിന്‍റെ പ്രസ്താവ അനാവശ്യമാണെന്നായിരുന്നു സഹപ്രവര്‍ത്തകയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ഖുശ്ബു സുന്ദറിന്‍റെ പ്രതികരണം. “വിദ്യാഭ്യാസത്തെക്കുറിച്ചും സനാതനത്തെക്കുറിച്ചും ഇതുപോലുള്ള ഒരു പരിപാടിയിൽ കമൽ സർ സംസാരിച്ചത് തികച്ചും അനഭിലഷണീയവും അനാവശ്യവുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു,” നടി പിടിഐയോട് പറഞ്ഞു. "വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾക്ക് ഊന്നിപ്പറയാമായിരുന്നു, കാരണം വിദ്യാഭ്യാസം നിങ്ങളുടെ ഏറ്റവും വലിയ ആയുധമാണെന്ന് നാമെല്ലാവരും സമ്മതിക്കുന്നു. സനാതനത്തെക്കുറിച്ച് അവിടെ സംസാരിച്ചത് തികച്ചും തെറ്റാണ്, കാരണം ആരും വിദ്യാഭ്യാസത്തെ സനാതനത്തിൽ ഉൾപ്പെടുത്തുന്നില്ല" അവര്‍ കൂട്ടിച്ചേർത്തു. എന്നാൽ ബിജെപിയുടെ വിമര്‍ശനത്തോട് കമൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കമലഹാസന്‍റെ പ്രസംഗത്തിൽ മുഴുവൻ വലതുപക്ഷവും രോഷാകുലരാണെന്ന് ഡിഎംകെ വക്താവ് എ. ശരവണൻ പറഞ്ഞു.

TAGS :

Next Story