Quantcast

രാഹുൽ ഗാന്ധി ഇൽഹാൻ ഒമറിനെ കണ്ടതിനെതിരെ ബിജെപി

ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഇൽഹാൻ ഉമർ നേരത്തെ വിമർശനമുന്നയിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    11 Sept 2024 4:03 PM IST

BJP Criticism against Rahul Gandi meeting with Ilhan Omar
X

ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം വിവാദമാക്കി ബിജെപി. യുഎസ് കോൺഗ്രസ് അംഗങ്ങളുമായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ ഡെമോക്രാറ്റിക് പാർട്ടി നേതാവും മിനസോട്ടയിൽനിന്നുള്ള കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമർ ഇന്ത്യാ വിരുദ്ധയാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

രാഹുൽ ഗാന്ധി അധികാരത്തിൽ വരാനുള്ള തീവ്ര ശ്രമത്തിലാണെന്നും അതിന്റെ ഭാഗമായാണ് അദ്ദേഹം ഇസ്‌ലാമിസ്റ്റായ ഇൽഹാൻ ഒമറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതെന്നും ബിജെപി ദേശീയ വക്താവ് സഞ്ജു വർമ ആരോപിച്ചു.

ഇൽഹാൻ ഇന്ത്യാ വിരുദ്ധയും തീവ്ര ഇസ്‌ലാമിസ്റ്റും ആസാദ് കശ്മീരിന്റെ വക്താവുമാണ് എന്നായിരുന്നു ബിജെപി വക്താവ് അമിത് മാളവ്യയുടെ ആരോപണം. ഇത്തരം കൂടിക്കാഴ്ചകളിൽ ബിജെപി നേതാക്കൾ പോലും ജാഗ്രത പാലിക്കും. കോൺഗ്രസ് ഇന്ത്യക്കെതിരെ പരസ്യമായി പ്രതികരിക്കുകയാണെന്നും മാളവ്യ ആരോപിച്ചു.

ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഇൽഹാൻ ഉമർ നേരത്തെ വിമർശനമുന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് കോൺഗ്രസിലെ പ്രസംഗം അവർ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഗസ്സയിലെ വംശഹത്യക്കെതിരെ യുഎസ് കോൺഗ്രസിൽ രൂക്ഷ വിമർശനമുന്നയിച്ച ഇൽഹാൻ കടുത്ത ഇസ്രായേൽ വിരുദ്ധ കൂടിയാണ്. സൊമാലിയൻ വംശജയായ ഇൽഹാൻ ഒമർ യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം വനിതയാണ്.

TAGS :

Next Story