റിപ്പബ്ലിക് ദിന വിരുന്നില്‍ രാഹുൽ 'പട്ക' ധരിക്കാത്തതിനെതിരെ ബിജെപി; രാജ്‌നാഥ് സിങിന്റെ ചിത്രങ്ങളുയർത്തി തിരിച്ചടിച്ച് കോൺഗ്രസ്
പട്ക ധരിക്കാത്തതിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ ആവശ്യപ്പെട്ടത്

- Updated:
2026-01-27 06:54:47.0

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു സംഘടിപ്പിച്ച വിരുന്നില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാളായ ഗമോസ (പട്ക) ധരിക്കാത്തതില്‍ വാക്പോര്. രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടും രാഹുൽ പട്ക ധരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് ബിജെപി ആരോപിച്ചു.
എന്നാല്‍ ഇതേ പരിപാടിക്കെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പട്ക് ധരിച്ചില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. പട്ക ധരിക്കാത്തതിലൂടെ വടക്കുകിഴക്കൻ മേഖലയെ രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപിയുടെ വക്താക്കളും നേതാക്കളും രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഉന്നയിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടുതവണ ഓർമിപ്പിച്ചിട്ടും രാഹുൽ പട്ക ധരിച്ചില്ലെന്നാണ് ബിജെപിയുടെ ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി (ഐടി) വിഭാഗം മേധാവി അമിത് മാളവ്യ എക്‌സിൽ ചൂണ്ടിക്കാട്ടിയത്.
സംഭവത്തില്‍ മാപ്പ് പറയണമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പരമ്പരാഗത 'പട്ക' ധരിക്കാൻ തയ്യാറാകാത്തത് ആ മേഖലയിലെ ജനങ്ങളെ ആഴത്തിൽ അപമാനിക്കുന്നതാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. രാഹുൽ ഗാന്ധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അപമാനിക്കുകയും നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതിയെ അനാദരിക്കുകയും ചെയ്തുവെന്നായിരുന്നു ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല എക്സില്‍ കുറിച്ചിരുന്നത്.
അതേസമയം പട്ക് ധരിക്കാതെ വന്ന രാജ്നാഥ് സിങിന്റെ ചിത്രങ്ങളുയര്‍ത്തിയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. പട്ക ധരിക്കാത്തതിന് രാജ്നാഥിനോടും മാപ്പ് പറയാന്‍ ആവശ്യപ്പെടുമോ എന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു. കോൺഗ്രസ് എം.പി മാണിക്യം ടാഗോറും ഈ വിഷയത്തിൽ ബിജെപിക്കെതിരെ രംഗത്ത് എത്തി. എന്തുകൊണ്ടാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രമായ 'പട്ക' ധരിക്കാതെ രാജ്നാഥ് സിങ് വന്നതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കണമെന്നായിരുന്നു മാണിക്യം ടാഗോര്‍ ചോദിച്ചത്.
Adjust Story Font
16
