Quantcast

കാറിലെ ബിജെപി കൊടി കണ്ടിട്ടും സൈന്യം വെടിവച്ചെന്ന് നാഗാലാൻഡിലെ പാര്‍ട്ടി നേതാവ്

നിരായുധരായ നാട്ടുകാരാണ് സൈനിക വെടിവയ്പ്പിൽ കൊല്ലപ്പെട്ടതെന്ന് നാഗാലാൻഡ് ഗോത്ര വകുപ്പ് മന്ത്രി കൂടിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ തെംജൻ ഇംന അലോങ് വാർത്താകുറിപ്പിൽ ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    5 Dec 2021 10:36 PM IST

കാറിലെ ബിജെപി കൊടി കണ്ടിട്ടും സൈന്യം വെടിവച്ചെന്ന് നാഗാലാൻഡിലെ പാര്‍ട്ടി നേതാവ്
X

സൈന്യത്തിനെതിരെ കടുത്ത ആരോപണവുമായി നാഗാലാൻഡജിലെ ബിജെപി നേതാവ്. യാതൊരു പ്രകോപനവുമില്ലാതെ സൈന്യം തനിക്കും സുഹൃത്തിനും നേരെ വെടിയുതിർത്തെന്ന് ബിജെപി മോൺ ജില്ലാ പ്രസിഡന്റ് ന്യാവാങ് കോന്യാക് ആരോപിച്ചതായി ദേശീയ മാധ്യമമായ സ്‌ക്രോൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പിൽ സുഹൃത്ത് കൊല്ലപ്പെട്ടതായും കോന്യാക് പറഞ്ഞു.

ഇന്നലെ വൈകീട്ട് മോനിൽ സൈന്യത്തിന്റെ വെടിവയ്പ്പിൽ കൽക്കരി ഖനിയിൽനിന്ന് ജോലി കഴിഞ്ഞു മടങ്ങുന്ന ആറുതൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. സംഭവസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് തനിക്കെതിരെയും സൈന്യം വെടിവച്ചതെന്ന് ന്യാവാങ് കോന്യാക് ആരോപിച്ചു. കാറില്‍ പാര്‍ട്ടി പതാക കണ്ടിട്ടും സൈന്യം വെടിവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൈന്യത്തിന്റെ വെടിവയ്പ്പിൽ രോഷാകുലരായ നാട്ടുകാർ അസം റൈഫിൾസ് ക്യാംപ് ആക്രമിച്ചിരുന്നു. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിവച്ചതെന്നാണ് ബിജെപി നേതാവ് പറയുന്നത്. ഡ്രൈവറും ഒരു ബന്ധുവും അയൽവാസിയുമാണ് ഈ സമയത്ത് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.

സൈനിക നടപടിയെ ബിജെപി നാഗാലാൻഡ് ഘടകം അപലപിച്ചിട്ടുണ്ട്. നിരായുധരായ നാട്ടുകാരാണ് സൈനിക വെടിവയ്പ്പിൽ കൊല്ലപ്പെട്ടതെന്ന് നാഗാലാൻഡ് ഗോത്ര വകുപ്പ് മന്ത്രി കൂടിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ തെംജൻ ഇംന അലോങ് വാർത്താകുറിപ്പിൽ ആരോപിച്ചു.

ഗ്രാമീണർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സംഘർഷാവസ്ഥ ലഘൂകരിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി പൊലീസ് അറിയിച്ചു. മോൺ ജില്ലയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. സംഘർഷാവസ്ഥ മുന്നിൽകണ്ട് കൊഹിമയിലെ ഹോൺ ബിൽ ഫെസ്റ്റിവലും നിർത്തിവച്ചു.

Summary: A BJP leader in Nagaland has alleged that Indian Army personnel fired at him and killed one of his companions on Saturday, while they were on the way to the area where the security forces had killed coal miners returning from work

TAGS :

Next Story