Quantcast

'ബിജെപിക്ക് മിയ മുസ്‌ലിംകളുടെ വോട്ട് വേണ്ട; പക്ഷേ തനിക്കും മോദിക്കും വേണ്ടി സിന്ദാബാദ് വിളിച്ചോളൂ'; അസം മുഖ്യമന്ത്രി

തനിക്കും ബിജെപിക്കും അനുകൂലമായി വോട്ട് ചെയ്യുന്നവർക്ക് രണ്ടോ മൂന്നോ കുട്ടികളിൽ കൂടുതൽ ഉണ്ടാകരുതെന്നും ഹിമാന്ത പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-10-02 03:19:56.0

Published:

2 Oct 2023 3:16 AM GMT

BJP doesnt need votes from Miya Muslims for next 10 years Says Assam CM Himanta Sarma
X

​ഗുവാഹത്തി: അടുത്ത 10 വർഷത്തേക്ക് സംസ്ഥാനത്തെ മിയ മുസ്‌ലിംകളുടെ വോട്ട് ബിജെപിക്ക് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. എന്നാൽ, അവർക്ക് തന്നെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും മറ്റെല്ലാ രീതിയിലും പിന്തുണയ്ക്കുന്നതും കാവി ബ്രിഗേഡിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതും തുടരാമെന്നും ശർമ അഭിപ്രായപ്പെട്ടു.

'ബിജെപി ജനക്ഷേമ പ്രവർത്തനങ്ങൾ ചെയ്യും. മിയ മുസ്‌ലിംകൾ ഞങ്ങളെ പിന്തുണച്ചോട്ടെ. അതിൽ വിരോധമില്ല. പക്ഷേ ഞങ്ങൾക്ക് വോട്ട് ചെയ്യേണ്ടതില്ല. ഹിമാന്ത ബിശ്വ ശർമയ്‌ക്കും നരേന്ദ്രമോദിക്കും ബിജെപിക്കും വേണ്ടി സിന്ദാബാദ് വിളിക്കട്ടെ'- ബിജെപി നേതാവ് കൂടിയായ ശർമ പറഞ്ഞു.

'തെരഞ്ഞെടുപ്പ് വരുമ്പോൾ ഞങ്ങൾക്ക് വോട്ട് ചെയ്യരുതെന്ന് ഞാൻ അവരോട് അഭ്യർഥിക്കും. നിങ്ങൾ കുടുംബാസൂത്രണം പിന്തുടരുകയും ശൈശവ വിവാഹം തടയുകയും മതമൗലികവാദം ഇല്ലാതാക്കുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് വോട്ട് ചെയ്യൂ. ഇവ പൂർത്തീകരിക്കാൻ 10 ​​വർഷമെടുക്കും. 10 വർഷത്തിന് ശേഷം ഞങ്ങൾ വോട്ട് തേടും, ഇപ്പോഴല്ല'- മുഖ്യമന്ത്രി പറഞ്ഞു.

തനിക്കും ബിജെപിക്കും അനുകൂലമായി വോട്ട് ചെയ്യുന്നവർക്ക് രണ്ടോ മൂന്നോ കുട്ടികളിൽ കൂടുതൽ ഉണ്ടാകരുതെന്നും അവരുടെ പെൺമക്കളെ സ്‌കൂളിൽ അയയ്‌ക്കണമെന്നും ശൈശവ വിവാഹത്തിൽ ഏർപ്പെടാൻ പാടില്ലെന്നും മതമൗലികവാദം വിട്ട് സൂഫിസം സ്വീകരിക്കണമെന്നും ശർമ ആവശ്യപ്പെട്ടു.

അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെ വിശേഷിപ്പിക്കാൻ ഉപയോ​ഗിക്കുന്ന വാക്കാണ് 'മിയ'. ബംഗ്ലാദേശ് വംശജരായ മുസ്‌ലിം കുടിയേറ്റക്കാരാണ് ഇവർ. നേരത്തെ, മിയ മുസ്‌ലിംകൾക്കെതിരെ അധിക്ഷേപ പരാമർശവുമായി ഹിമാന്ത ബിശ്വ ശർമ രം​ഗത്തെത്തിയിരുന്നു.

പച്ചക്കറി വിലക്കയറ്റത്തെ മുസ്‌ലിംകളുമായി ചേർത്തുകെട്ടിയായിരുന്നു അധിക്ഷേപം. രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ മുസ്‌ലിംകളാണെന്നായിരുന്നു ഹിമാന്ത ആക്ഷേപിച്ചത്. ഗ്രാമീണ മേഖലയിൽ പച്ചക്കറിക്കു വില കുറവാണ്. നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരിൽ ഭൂരിഭാഗവും മിയകളാണെന്നും ഹിമാന്ത ആരോപിച്ചിരുന്നു.

അസം യുവാക്കൾ കടന്നുവന്നാൽ മിയ മുസ്‌ലിംകളായ പച്ചക്കറി വ്യാപാരികളെ താൻ നഗരത്തിൽനിന്ന് തുടച്ചുനീക്കുമെന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തിയിരുന്നു. മിയ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഹിമാന്ത ബിശ്വ ശർമയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തിരുന്നു. രാജ്യസഭാ എം.പി അജിത് ഭൂയാന്റെ പരാതിയിലാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

അസമിലെ ദിസ്പൂർ പൊലീസ് സ്റ്റേഷനിലാണ് അജിത് ഭൂയാൻ പരാതി നൽകിയത്. മുസ്‌ലിംകൾക്കെതിരായ വംശീയാധിക്ഷേപത്തിൽ ഹിമാന്ത ബിശ്വ ശർമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് സുപ്രിംകോടതിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി ബ്രഹ്മപുത്ര തീരത്ത് താമസമാക്കിയ മുസ്‌ലിംകളാണ് മിയകൾ. മുസ്‌ലിം പുരുഷന്മാരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന മിയാൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് 'മിയ' വരുന്നതെന്ന അഭിപ്രായമുണ്ട്. പിൽക്കാലത്ത് വംശീയാധിക്ഷേപത്തിനായി മിയ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്.




TAGS :

Next Story