Quantcast

ഛത്തീസ്ഗഡിൽ പരാജയപ്പെട്ടവർക്ക് വീണ്ടും അവസരം നൽകി ബിജെപി; തുടർഭരണപ്രതീക്ഷയിൽ കോൺഗ്രസ്

തോറ്റ് പോയവർക്ക് അനുകൂലമായി ജനങ്ങൾ ഇത്തവണ വോട്ട് നൽകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്

MediaOne Logo

Web Desk

  • Published:

    12 Oct 2023 1:38 AM GMT

BJP gave another chance to those who failed in Chhattisgarh state Election; Congress in hope of continued rule
X

ഡൽഹി:ഛത്തീസ്ഗഡിൽ കഴിഞ്ഞ തവണ പരാജയപ്പെട്ടവർക്ക് വീണ്ടും അവസരം നൽകി ബിജെപി. രമൺ സിംഗ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർക്ക് സീറ്റ് നൽകിയത് വഴി നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ച് പിടിക്കാമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. പ്രീപോൾ സർവേ ഫലങ്ങൾ പ്രവചിക്കുന്ന തുടർഭരണത്തിലാണ് കോൺഗ്രസ് പ്രതീക്ഷ.

തൊണ്ണൂറംഗ നിയമസഭയിലെ 85 സീറ്റുകളിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പണ്ടാരിയ, ബെമെതാര, കാസ്‌ഡോൾ, ബെൽതാര, അംബികാപൂർ എന്നീ അഞ്ച് സീറ്റുകളിൽ ആര് മത്സരിക്കണമെന്ന കാര്യത്തിലാണ് ബിജെപി ഇനി തീരുമാനത്തിൽ എത്താനുള്ളത്. ഇത് വരെ പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ 11 സിറ്റിംഗ് എംഎൽഎമാർക്ക് വീണ്ടും അവസരം നൽകാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ രമൺ സിംഗ് മന്ത്രിസഭയിലെ അംഗങ്ങൾ ആയിരുന്ന 17 പേർക്കും ഇത്തവണ അവസരം നൽകി. ഇതിൽ ബഹുഭൂരിപക്ഷം പേരും 2018ൽ പരാജയപ്പെട്ടിരുന്നു. മൂന്ന് മുൻ മന്ത്രിമാരായ കേദാർ കശ്യപ്, ലത ഉസെന്ദി, മഹേഷ് ഗഗ്ദ എന്നിവരും ഇതിൽ ഉൾപ്പെടും. തോറ്റ് പോയവർക്ക് അനുകൂലമായി ജനങ്ങൾ ഇത്തവണ വോട്ട് നൽകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ സംസ്ഥാന ഘടകവുമായി കൂടുതൽ ചർച്ചകൾ നടത്താതെയാണ് സീറ്റ് വിഭജനം ബിജെപി പൂർത്തിയാക്കിയത്. ഇത് വരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ 15 വനിതകളും 43 യുവാക്കളുമാണ് ഉള്ളത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന ബിജെപി നേതൃത്വവും നേതാക്കളും അലസരാണെന്ന് രമൺ സിംഗ് തന്നെ നേരത്തെ ആരോപിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം ഇതുവരെ നടന്നില്ലെങ്കിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് കോൺഗ്രസ്. ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കി മാറ്റാൻ ബിജെപിക്ക് കഴിയില്ലെന്ന അഭിപ്രായ സർവേ ഫലങ്ങളാണ് കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന് കാരണം.



BJP gave another chance to those who failed in Chhattisgarh state Election; Congress in hope of continued rule

TAGS :

Next Story